malappuram local

കരിപ്പൂര്‍ വിമാനത്താള വികസനം: സര്‍വേ സ്‌കെച്ച് ഉടന്‍ കൈമാറും; ഭൂമി ഏറ്റെടുക്കാന്‍ കടമ്പകളേറെ

കരിപ്പൂര്‍: വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രതിസന്ധികളേറെ. നിലവില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പറുകള്‍ വില്ലേജ് ഓഫിസിലെ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കില്‍ (എഫ്എംബി) രേഖപ്പെടുത്തി നല്‍കിയിരുന്നു.
മൂന്നു ദിവസത്തിനകം കൈമാറുമെന്നാണ് കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ഓഫിസറായ ലാന്റ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചത്. എന്നാല്‍, വിമാനത്താവളത്തിനുവേണ്ടിവരുന്ന സ്ഥലം എത്രയെന്ന് ഇപ്പോഴും അവ്യക്തമാണ്. വികസനത്തിനാവശ്യമായ ഭൂമി സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ച സ്ഥലങ്ങളുടെ സ്‌കെച്ച് യോഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, ഭൂവുടമകള്‍ക്ക് എവിടെല്ലാമുള്ള സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ല. പത്തുവര്‍ഷത്തിലേറെയായി ഭൂമി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടെങ്കിലും വ്യക്തമായ തീരുമാനങ്ങള്‍ അധികൃതരില്‍നിന്നുണ്ടാവാത്തത് നാട്ടുകാരെയും ചൊടിപ്പിച്ചിട്ടുണ്ട്.
കൊണ്ടോട്ടി, പള്ളിക്കല്‍, െനടിയിരുപ്പ് പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
പള്ളിക്കല്‍ പഞ്ചായത്തിലെ 136 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഇവിടങ്ങളില്‍നിന്നു കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ 20 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടയിലും പ്രതിഷേധമുയര്‍ന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തളര്‍ന്നു. ഇതിനിടെയാണ് റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നെടിയിരുപ്പ് പഞ്ചായത്തിലെ സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെക്കുറിച്ചും വ്യക്തതയില്ല. ഇതോടെ ജനങ്ങള്‍ ആധിയിലായിരിക്കുകയാണ്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്ക്കാര്‍ വാഗ്ദാനം. നേരത്തെ ഭൂമി വിട്ടുനല്‍കിയവരില്‍ പലര്‍ക്കും ഇപ്പോഴും നഷ്ടപരിഹാരം കിട്ടാനുണ്ട്.
ഇവരുടെ തന്നെ ഗതികേടുവരുമോയെന്ന ഭയമാണ് നാട്ടുകാര്‍ക്കുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മൂന്നു വില്ലേജുകളിലെയും സ്‌പെഷ്യല്‍ ഓഫിസര്‍മാരുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ ആശയ വിനിമയം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വിമാനത്താവള വികസനത്തിന് പന്ത്രണ്ട് തവണയായി നേരത്തെ 377 ഏക്കര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ദീര്‍ഘവീക്ഷണമില്ലാത്ത ഭൂമിയേറ്റെടുക്കലാണ് നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയായത്.
നേരത്തെ ജനവാസ കേന്ദ്രമല്ലാത്ത ഭാഗങ്ങള്‍ കൂടി നിലവില്‍ ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുകയാണ്. ഇതാണ് ഭൂമി വിട്ടുകിട്ടാന്‍ സര്‍ക്കാരിന് തിരിച്ചടിയായത്. ഭൂമി വിട്ടു നല്‍കുന്നതിനെതിരേ സമരസമിതിയും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it