കരിപ്പൂര്‍: കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍; കേന്ദ്ര മന്ത്രി

കോഴിക്കോട്: റണ്‍വേ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജു.
എല്ലാവിധ സൗകര്യങ്ങളുമുള്ള വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ വികസനപദ്ധതികള്‍ പൂര്‍ത്തിയായാല്‍ എല്ലാത്തരം വിമാനങ്ങളും ഇവിടെ നിന്ന് സര്‍വീസ് നടത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കരിപ്പൂര്‍ വിമാനത്താവള കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കേന്ദ്രമന്ത്രി വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മലബാര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവള വികസനത്തിന്റെ കാര്യവും പരിഗണനയിലുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി ലഭിക്കുന്നതോടെ റണ്‍വേയുടെ നീളം 13,000 അടിയാക്കി ഉയര്‍ത്താനാവും. ഇതോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. എയര്‍ കാര്‍ഗോ സംവിധാനം കാര്യക്ഷമമാക്കി വ്യാപാര മേഖലയെ പുഷ്ടിപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കരിപ്പൂര്‍ വിമാനത്താവള കമ്മിറ്റി ചെയര്‍മാന്‍ പി വി ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. എംപിമാരായ എം കെ രാഘവന്‍, പി വി അബ്ദുല്‍ വഹാബ്, വിമാനത്താവള ഡയറക്ടര്‍ കെ ജനാര്‍ദ്ദനന്‍, ചേംബര്‍ പ്രസിഡന്റ് സിഎസി മോഹന്‍, സെക്രട്ടറി എം എ മെഹബൂബ്, ജോ. സെക്രട്ടറി നൗഷാദ്, പി സക്കീര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ ശ്യാംസുന്ദര്‍, എയര്‍ ഇന്ത്യഎക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരിഹര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it