കരിപ്പൂരില്‍ 1.17 കോടിയുടെ വിദേശ കറന്‍സിയുമായി രണ്ടു പേര്‍ പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് പോവാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.17 കോടി രൂപയുടെ വിദേശ കറന്‍സി ഡിആര്‍ഐ സംഘം പിടികൂടി. കോഴിക്കോട് കൊടുവള്ളി കൊളങ്ങരം പൊയില്‍ സജീര്‍ (28), താമരശ്ശേരി പുന്നത്ത്‌പൊയില്‍ മുഹമ്മദ് ഷരീഫ് (26) എന്നിവരെയാണ് കറന്‍സിയുമായി ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.
1.17 കോടി രൂപ മൂല്യം വരുന്ന യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. കറന്‍സികള്‍ പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധം ഒളിപ്പിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രി 12.15നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോവാനാണ് ഇരുവരും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാത്തിരുന്ന ഡിആര്‍ഐ വിഭാഗം ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധന കഴിഞ്ഞ ബാഗേജില്‍ പഌസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ അരിക്കും അരിപ്പൊടിക്കും ഇടയില്‍ വിദഗ്ധമായാണ് സജീര്‍ പണം ഒളിപ്പിച്ചിരുന്നത്. ഇയാളില്‍ നിന്ന് 64,18,500 രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് കണ്ടെത്തിയത്. ബാഗേജിലുണ്ടായിരുന്ന രണ്ട് പാന്റുകളുടെ ഉള്‍പോക്കറ്റുകളിലായാണ് മുഹമ്മദ് ഷരീഫ് പണം ഒളിപ്പിച്ചിരുന്നത്. 52,74,025 രൂപ മൂല്യമുള്ള വിദേശകറന്‍സികളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it