കരിപ്പൂരില്‍ വലിയ സര്‍വീസുകള്‍ അനുവദിക്കില്ലെന്ന് അതോറിറ്റി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇനി വലിയ വിമാനങ്ങളുടെ (കോഡ് ഇ) സര്‍വീസുകള്‍ അനുവദിക്കില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ മിശ്ര അറിയിച്ചു.
ആറുമാസത്തേക്കെന്നു പറഞ്ഞ് നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസുകളാണ് റണ്‍വേ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായാലും അനുവദിക്കില്ലെന്നു മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണിയേയും സെക്രട്ടറി സി സി മനോജിനേയും അറിയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിന്റെ നവീകരണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ എമിറേറ്റ്‌സ്, സൗദി, എയര്‍ ഇന്ത്യ വിമാനക്കമ്പനികളും അവരുടെ വിദഗ്ധരും നടത്തിയ സുരക്ഷാ പരിശോധനയില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കാമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്.
കുറെ നാളായിട്ടും അനുമതി ലഭിക്കാത്തതിനാല്‍ എമിറേറ്റ്‌സ് എയര്‍പോര്‍ട്ടിലെ കൗണ്ടറുകള്‍ പൊളിച്ചു മാറ്റി. എമിറേറ്റ്‌സും സൗദി എയര്‍ലൈന്‍സും കോഴിക്കോട്ടെ മേഖല ഓഫിസുകള്‍ കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടേയും വ്യോമയാന മന്ത്രിയുടേയും ഡിജിസിഎയുടേയും ഇടപെടലുകള്‍ അഭ്യര്‍ഥിച്ച് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി.
ഈ നിവേദനം പ്രധാനമന്ത്രിയുടെ ഓഫിസ്, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന് കൈമാറുകയും വ്യക്തമായ തീരുമാനം പരാതിക്കാരെ അറിയിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നല്‍കിയ മറുപടിയിലാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം യഥാസമയം ശക്തമായി ഉന്നയിക്കാതിരുന്നതാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും ഡിജിസിഎക്കും ധൈര്യം പകര്‍ന്നതെന്ന ആരോപണം ശക്തമാണ്. 2016 ഏപ്രിലിന് മുമ്പായി പണി തീരുമെന്നു കരാറുകാരും വിമാനത്താവള അധികൃതരും ഉറപ്പിച്ച് പറയുമ്പോള്‍ 2017 ഫെബ്രുവരിയില്‍ മാത്രമേ പണി പൂര്‍ത്തിയാവുകയുള്ളുവെന്നാണ് എ കെ മിശ്രയുടെ കത്തില്‍ പറയുന്നത്.
കോഴിക്കോട് എയര്‍പോര്‍ട്ട് കോഡ് ഡി ഗണത്തില്‍ പെട്ടതാണെന്നും നാല് വിഭാഗവും താഴ്ചയുള്ള ടേബിള്‍ ടോപ്പ് വിമാനത്താവളമാണെന്നും അതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ല എന്നും കത്തില്‍ പറയുന്നു.
248.3 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി റണ്‍വെ 13000 അടിയില്‍ വിപുലീകരിച്ചാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന് 09-10-2015ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്‌സഭയില്‍ കോഴിക്കോട് എംപി എം കെ രാഘവനെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് കോഴിക്കോട് നിന്ന് ആരംഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഇടത്തരം വിമാനങ്ങള്‍ അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it