കരിപ്പൂരില്‍ ഇന്‍-ലെയ്ന്‍ ബാഗേജ് സിസ്റ്റം നിലവില്‍ വന്നു

കരിപ്പൂര്‍: വിമാന യാത്രക്കാര്‍ക്ക് സഹായകരവും സുരക്ഷിതവുമായ ഇന്‍-ലെയ്ന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സിസ്റ്റം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലവില്‍ വന്നു. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ചെക്-ഇന്‍ കൗണ്ടറിനു മുമ്പുള്ള സുരക്ഷാ പരിശോധന ഒഴിവാക്കി.
ബാഗേജുകള്‍ ചെക്-ഇന്‍ കൗണ്ടറിന് മുമ്പില്‍ തന്നെ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കി, സീല്‍ ചെയ്യുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. പിന്നീട് ബാഗേജിന് ഭാരക്കൂടുതലും മറ്റും പറഞ്ഞ് ചെക്-ഇന്‍ ചെയ്യുമ്പോള്‍ ലഗേജുകള്‍ തുറക്കേണ്ടതായും വീണ്ടും സുരക്ഷാ പരിശോധനാ നടപടികളിലൂടെ കടന്നുവരേണ്ടതായും വന്നിരുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ലഗേജുകള്‍ നിരീക്ഷിക്കുന്നത്. പരിശോധന വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതു കൂടിയാണ്. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ലഗേജുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാവുന്നു. സംശയാസ്പദ ലഗേജുകള്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതാണ്.
സ്‌ഫോടകവസ്തുക്കള്‍, മയക്കുമരുന്ന് സാധനങ്ങളടക്കം പുതിയ സിസ്റ്റത്തിലെ ലെന്‍സ് വഴി പെട്ടെന്നു തിരിച്ചറിയാനാവും. 2.5 കോടി രൂപ ചെലവിലാണ് യന്ത്രം പ്രവര്‍ത്തനക്ഷമമാക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെയും ബിസിഎസിലേയും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്കു ശേഷം ഒരു മാസമായി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു വരുകയായിരുന്നു.
പരീക്ഷണം വിജയകരമായതിന്റെ റിപോര്‍ട്ട് ബിസിഎഎസ് നല്‍കിയതോടെയാണ് അനുമതി ലഭിച്ചത്.
Next Story

RELATED STORIES

Share it