kozhikode local

കരിപ്പൂരിലെ ശുചീകരണ തൊഴിലാളികള്‍ 25 മുതല്‍ സമരത്തിലേക്ക്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ 25  മുതല്‍ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരത്തിലേക്ക്.വേതന വര്‍ധനവ് നടപ്പാക്കുക, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 75 ലേറെ തൊഴിലാളികള്‍ ഒറ്റയടിക്ക് സമരത്തിനിറങ്ങുന്നത്. പട്ടിക ജാതി-വര്‍ഗത്തില്‍ പെട്ടവരും വിധവകളുമാണ് ശുചീകരണ തൊഴിലാളികളിലേറെയും. മാസത്തില്‍ 258 രൂപയാണ് തൊഴിലാളികള്‍ക്ക് വേതനമായി ലഭിക്കുന്നത്. മറ്റു വിമാനത്താവളങ്ങളില്‍ മാന്യമായ വേതനം ലഭിക്കുമ്പോള്‍ കരിപ്പൂരിലെ തൊഴിലാളികളെ കരാര്‍ കമ്പനി അവഗണിക്കുകയാണ്. നിയമപരമായി ലഭിക്കേണ്ട നാഷനല്‍ ഹോളിഡേ അലവന്‍സ്, ലീവ് അലവന്‍സ്, ഫെസ്റ്റ്‌വല്‍ അലവന്‍സ്, തുടങ്ങിയവക്കായി മുറവിളി തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ നടപടികള്‍ ഇതുവരെയായിട്ടില്ല. ഓവര്‍ ടൈം ജോലിയില്‍ പിഎഫ് വിഹിതം കമ്പനി പിടിക്കുമ്പോള്‍ ഇത് വരവ് വെക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിയമപരമായി 26 ദിവസത്തെ ജോലിപണമാണ് പിഎഫ് വിഹിതമായി ഒരുമാസത്തില്‍ പിടിക്കേണ്ടത്. എന്നാല്‍ വിഹിതം അടക്കുന്നതിന് തെളിവുകളൊന്നും തൊഴിലാളികള്‍ക്ക് അറിയില്ല. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇഎസ്‌ഐ, പിഎഫ് ഇനിയും അനുവദിച്ചിട്ടില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉണ്ടായിട്ടും ചികില്‍സ നിഷേധിക്കപ്പെടുന്നതായും തൊഴിലാളികള്‍ പറയുന്നു. മാസ വേതനം ഏഴാം തിയ്യതി ലഭിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും സമയത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സേഫ്റ്റി ഷൂ, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ ഉപകരണങ്ങളും നല്‍കുന്നില്ല. ഗുണ നിലവാരം കുറഞ്ഞ കെമിക്കലുകളാണ് ശുചീകരണത്തിനായി നല്‍കുന്നത്. ഇതോടെ തൊഴിലാളികളുടെ കൈകള്‍ക്ക് പെള്ളലേല്‍ക്കുന്നത് പതിവായിട്ടും ഇതു ഉപേക്ഷിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. തകരാറിലായ ഗോവണികളില്‍ കയറി സുരക്ഷയൊരുക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതും പതിവാണ്.തൊഴിലാളികള്‍ക്ക് പ്രഥമിക ചികില്‍സക്ക് പോലും വിമാനത്താവളത്തില്‍ സൗകര്യമൊരുക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ത്രീ തൊഴിലാളികളുടെ കാര്യവും വിമാനത്താവളത്തില്‍ പരിതാപകരമാണ്. ഇവര്‍ക്കായി പ്രത്യേക റെസ്റ്റ് റൂം അനുവദിച്ചിട്ടില്ല. നിലവിലുളള മുറിയില്‍ ഇഴജന്തുക്കളുടെ സൈ്വര്യ വിഹാരമാണ്. വ നിതാ തൊഴിലാളികള്‍ക്ക് രാത്രി കാലങ്ങളില്‍ യാത്ര സൗകര്യങ്ങളോ, പ്രത്യേക ബത്തയോ നല്‍കുന്നില്ല. ആഴ്ചയില്‍ ലഭിക്കുന്ന വേതനത്തിന് വേതനമോ, ജോലി മാറ്റമോ അനുവദിക്കാത്തതും തൊഴിലാളികളെ സമരത്തിലേക്ക് നയിക്കുന്നു.തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനോ,ലേബര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ കരാര്‍ കമ്പനിയുടെ എംഡി.അടക്കമുളളവര്‍ വിമാനത്താവളത്തിലെത്താറില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it