കരിനിയമങ്ങള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: അഡ്വ. ഭവാനി പി മോഹന്‍

ആലുവ: കരിനിയമങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് തമിഴ്‌നാട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും എന്‍സിഎച്ച്ആര്‍ഒ ദേശീയ സമിതി അംഗവുമായ അഡ്വ. ഭവാനി പി മോഹന്‍. യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ ആലുവയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തമായി ജീവിക്കുവാനും അഭിപ്രായം പറയാനും സംഘടിക്കാനുമൊക്കെയുള്ള അവകാശം ഭരണഘടനാപരമാണെന്നിരിക്കെ ഇതു തടയാനുള്ള ഭരണകൂടങ്ങളുടെ ആസൂത്രിത ഗൂഢാലോചനയാണ് യുഎപിഎ പോലുള്ള കരിനിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പോലിസിന് അമിതാധികാരം നല്‍കി പൗരാവകാശങ്ങളെ ഇല്ലാതാക്കി രാജ്യത്തെ പൗരന്മാരുടെ ജീവന്‍പോലും കവര്‍ന്നെടുക്കുന്നതാണ് ഭരണകൂടങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ടാഡ, പോട്ട, അഫ്‌സ്പ നിയമങ്ങളില്‍പ്പെടുത്തി പ്രതികളാക്കപ്പെട്ട് ജയിലിലടച്ചവര്‍ പിന്നീട് നിരപരാധികളെന്നു തെളിഞ്ഞ് വെറുതെ വിടുകയുണ്ടായി. 0.8 ശതമാനം മാത്രമാണു ശിക്ഷിക്കപ്പെട്ടവര്‍. നെറികേടുകള്‍ക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കാനുള്ള ഒരു എളുപ്പവഴി മാത്രമാണ് ഇത്തരം നിയമങ്ങള്‍.
ഭരണകൂടം നിര്‍മിക്കുന്ന ഇത്തരം നിയമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ മുഴുവനും ദലിതരും മുസ്‌ലിംകളും ആദിവാസികളുമാണ്. പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍പ്പോലും യുഎപിഎ ചുമത്തി ജയിലിലടച്ച സംഭവം രാജ്യത്തുണ്ടായിട്ടുണ്ട്. പൗരാവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ എന്‍സിഎച്ച്ആര്‍ഒ ഉള്‍പ്പെടെയുള്ള പൗരാവകാശ പ്രസ്ഥാനങ്ങള്‍ നിരന്തര പോരാട്ടത്തിലായിരിക്കുമെന്നും അഡ്വ. ഭവാനി പി മോഹന്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ കമന്റിട്ടതു മുതല്‍ ഒരു പൊതുയോഗ പരിപാടിക്കിടയില്‍ കൈയടിച്ചാല്‍ വരെയും യുഎപിഎ ചുമത്തി ജയിലിടയ്ക്കാവുന്ന സാഹചര്യമാണു രാജ്യത്തുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ എസ് മധുസൂദനന്‍ പറഞ്ഞു. ദീര്‍ഘമായ വിചാരണയും ഒട്ടേറെ നടപടികളും കൊണ്ട് കരിനിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പലര്‍ക്കും ചാകരയാണ്. ഇതിനാല്‍ ഇത് പലരും ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ മനപ്പൂര്‍വം ദുരുപയാഗം ചെയ്യുന്നതല്ല മറിച്ച് ആദിവാസി, മുസ്‌ലിം, ദലിത് വിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നയത്തിന്റെ ഭാഗമാണ് യുഎപിഎ പോലുള്ള കരിനിയമങ്ങളെന്നും ചടങ്ങി ല്‍ പങ്കെടുത്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജന. സെക്രട്ടറി കെ എച്ച് നാസര്‍ അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ്, മുംബൈ, ഗുജറാത്ത് കലാപങ്ങളില്‍ അടക്കം പ്രതികളാക്കപ്പെട്ടവര്‍ക്ക് ഒരു മണിക്കൂര്‍ ശിക്ഷപോലും ലഭിച്ചില്ല. ഇതേസമയം കള്ളക്കേസുകളില്‍ ഇരകളാക്കപ്പെട്ട ദലിത്- മുസ്‌ലിം- ആദിവാസി സമൂഹങ്ങളിലെ ആയിരങ്ങള്‍ ജയിലിലടയ്ക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കെ എച്ച് നാസര്‍ പറഞ്ഞു.
എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. കെ നന്ദിനി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച് കണ്‍വീനര്‍ പി കെ അബ്ദുല്‍ റഹ്മാന്‍, സി എസ് മുരളി (ദലിത് മഹാസഭ), എസ് എം സൈനുദ്ദീന്‍(സോളിഡാരിറ്റി), റെനി ഐലിന്‍ (എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി), ടി കെ അബ്ദുല്‍ സമദ്, കെ പി ഒ റഹ്മത്തുല്ല, പാനായിക്കുളം സിമി കേസില്‍ യുഎപിഎ ചേര്‍ത്ത് ശിക്ഷിക്കപ്പെട്ടവരുടെ പിതാക്കളായ അബ്ദുല്‍ റസാഖ് ആലുവ, അബ്ദുല്‍ കരീം ഈരാറ്റുപേട്ട, എ എം ഷാനവാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it