thrissur local

കരിങ്കുറ്റിപുഴുവിന്റെ ആക്രമണം പൊയ്യ ഗ്രാമപ്പഞ്ചായത്തിലും

മാള: തേക്ക് മരങ്ങളില്‍ കണ്ട് വരുന്ന കരിങ്കുറ്റിപുഴുവിന്റെ ആക്രമണം പൊയ്യ ഗ്രാമപ്പഞ്ചായത്തിലും. ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 12., 13 വാര്‍ഡുകളായ പൊയ്യ, ചെന്തുരുത്തി, നാലുവഴി പ്രദേശങ്ങളിലാണ് പതിനായിരക്കണക്കിന് കരിങ്കുറ്റി പുഴുക്കള്‍ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. നാലുവഴി മാളിയേക്കല്‍ സെബാസ്റ്റ്യന്റെ വീട്ടിലാണ് രൂക്ഷമായ തോതില്‍ കരിങ്കുറ്റിപുഴുവിന്റെ സാന്നിധ്യമുള്ളത്.
മറ്റു വാര്‍ഡുകളിലെ വീടുകളിലും കരിങ്കുറ്റിപുഴുവിന്റെ ആക്രമണം രൂക്ഷമായികൊണ്ടിരിക്കുന്നുണ്ട്. വേഗത്തില്‍ വ്യാപിക്കുന്ന കരിങ്കുറ്റി പുഴുക്കള്‍ രൂക്ഷമായ ദുരിതമാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്. സെബാസ്റ്റ്യന്റെ പുരയിടത്തിലും വീടിനകത്തും ജൈവകീടനാശിനി പ്രയോഗം നടത്തി നോക്കിയെങ്കിലും ശക്തമായ മഴ പെയ്തത് പ്രതികൂലമായി. ജൈവകീടനാശിനി പ്രയോഗം ഫലപ്രദമായോ എന്നറിയാന്‍ പോലും ശക്തമായ മഴ മൂലം കഴിഞ്ഞില്ല.
തേക്കിന്റെ തളിരില തിന്നുന്ന കരിങ്കുറ്റി പുഴുക്കള്‍ നൂലിലൂടെ താഴെയെത്തി ഒരാഴ്ചക്ക് ശേഷം ശലഭമായി വീണ്ടും തേക്ക് മരത്തിലേക്ക് കയറി തേക്കിലക്കടിയില്‍ മുട്ടയിടും. ഒരുതവണ അഞ്ഞൂറോളം മുട്ടകളിടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നൂലിലൂടെ താഴെയെത്തുന്ന പുഴു പ്യൂപ്പേറ്റിംഗിനായി മണ്ണിനടിയിലേക്ക് പോവും. എട്ടു ദിവസം കഴിഞ്ഞാണ് ഇവ മണ്ണിനടിയില്‍ നിന്നു ശലഭമായി വരുന്നത്. തേക്കിലക്കടിയിലിടുന്ന മുട്ടകള്‍ രണ്ട് ദിവസത്തിനകം വിരിയും. പത്ത് മുതല്‍ 12 ദിവസത്തിനകം തേക്കിന്റെ തളിരില തിന്ന് പുഴുക്കള്‍ നൂലിലൂടെ താഴേക്കിറങ്ങും. ഇത്തരത്തില്‍ തുടരുന്ന പ്രക്രിയ മൂലം വളരെ പെട്ടെന്നാണ് പുഴുക്കള്‍ പെരുകുന്നത്. രാത്രിയിലും അതിരാവിലേയുമാണിവ ഇലകള്‍ ഭക്ഷിക്കുന്നത്. വെയിലാവുമ്പോള്‍ ഇവ ഇലകള്‍ക്കടിയിലേക്ക് ഒതുങ്ങും.
കഴിഞ്ഞ ദിവസം നല്ല വെയിലിന് ശേഷം ശക്തമായ മഴ പെയ്തപ്പോള്‍ വളരെയേറെ പുഴുക്കളാണ് താഴെയെത്തിയത്. അസഹ്യമായ ചൊറിച്ചില മൂലം ജനം പൊറുതി മുട്ടിയപ്പോള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ തികഞ്ഞ അവഗണനയായിരുന്നു ഫലം. ബാപ്പിലസ് തൂറിങ്ങ്‌നെസെന്ന ജൈവകീടനാശിനി ഉപയോഗിച്ച് ഇവയെ പ്രതിരോധിക്കാമെന്ന് മാള കൃഷിയോഫീസര്‍ ജോര്‍ജ്ജ് പ്രശാന്ത് അറിയിച്ചു. കീടനാശിനി കോയമ്പത്തൂരില്‍ നിന്നെത്തിക്കേണ്ടി വരും.
Next Story

RELATED STORIES

Share it