ernakulam local

കരളലിയുന്ന സ്‌നേഹവുമായ് സെന്റ്. മരിയ ഗൊരേത്തി പബ്ലിക് സ്‌കൂള്‍

മരട്: കൊടവംതുരുത്ത് സുനിലിന്റെയും ആതിരയുടെയും നാലുമാസം പ്രായമായ മകന്‍ അദ്യുതിന് കരള്‍ ചുരുങ്ങി പോവുന്ന അപൂര്‍വ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ മാത്രമാണ് അദ്യുതിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രതിവിധി. മരപ്പണിക്കാരനായ സുനിലിന് ഇത്രയും തുക കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസമായിരുന്നു.
സുനിലിന്റെ കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ സെന്റ്. മരിയ ഗൊരേത്തി പബ്ലിക് സ്‌കൂളിലെ മാനേജര്‍ സി ജോണ്‍സി തന്റെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കാപ്പം തെരുവിലേക്കിറങ്ങി.
ഏതാനും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും ഇതില്‍ പങ്കുകാരായി. നവോദയ സാജു ഉള്‍പ്പടെയുള്ളവര്‍ സുമനസ്സിനാല്‍ ഈ സംരംഭത്തില്‍ സംഭാവന നല്‍കി. രണ്ടുമൂന്ന് ദിവസത്തെ പ്രയത്‌നഫലമായി 10,25,000 രൂപയാണ് സമാഹരിച്ചത്. ഈ തുക ഇന്നലെ ജില്ലാ കലക്ടര്‍ അദ്യുതിന്റെ പിതാവിന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൈമാറി.
10 ലക്ഷം രൂപ ചെക്കായിട്ടും ഇരുപത്തി അയ്യായിരം രൂപ ക്യാഷ് ആയിട്ടുമാണ് നല്‍കിയത്. സിസ്റ്റര്‍ ജോണ്‍സി അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം സമാഹരിച്ച തുക കൈമാറുകയും സ്‌കൂളിലെ വിദ്യാര്‍ഥികളും മാനേജ്‌മെന്റും അധ്യാപകരും മാതൃകയാണെന്നും സ്‌കൂളിലെ കുട്ടികളെല്ലാവരും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണെന്നും കലക്ടര്‍ പറഞ്ഞു. എ പ്ലസ് നേടാനോ ട്രോഫി നേടാനോ അല്ല നമ്മള്‍ പഠിക്കേണ്ടതെന്നും സഹജീവിയോടുള്ള കരുണയാണെന്നും കുടുംബ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമായി കണ്ടുകൊണ്ട് ഇതിനായി പ്രവര്‍ത്തിച്ച ഏവരേയും ജില്ലാ കലക്ടര്‍ അനുമോദിച്ചു. ദൈവാനുഗ്രഹവും ആത്മ സന്തോഷവും ലഭിക്കുന്നത് സഹമനുഷ്യന്റെ കണ്ണുനീര്‍ തുടയ്ക്കുമ്പോഴാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജാത, അമ്പിളി ടീച്ചര്‍, പിറ്റിഎ പ്രസിഡന്റ് സിബി മൈക്കിള്‍, സിസ്റ്റര്‍ ബിന്‍സി, ടീന ടീച്ചര്‍, സി എ ജോസഫ്, അനീറ്റബോര്‍ലിയ സംസാരിച്ചു. അദ്യുതിന്റെ പിതാവ് സുനില്‍ മറുപടി പ്രസംഗത്തില്‍ വിതുമ്പിക്കൊണ്ട് തുക സമാഹരിക്കുന്നതിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും എല്ലാവര്‍ക്കും ദൈവരക്ഷയുണ്ടാവട്ടെ എന്നും ആശംസിച്ചു.
ഇതിനുമുമ്പ് ചെന്നൈ ദുരന്തം ഉണ്ടായപ്പോള്‍ അതിലേക്ക് തുക സമാഹരിച്ചും ഈ സ്‌കൂള്‍ മാതൃക കാട്ടിയിരുന്നു. തുക കണ്ടെത്തുന്നതിനായി പ്രധാന ജങ്ഷനുകള്‍, ഓഫിസുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, കാല്‍നടയാത്രക്കാര്‍, വാഹനയാത്രക്കാര്‍ തുടങ്ങിയവരില്‍നിന്നുമാണ് സമാഹരിച്ചത്.
ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും തുക കണ്ടെത്തുന്നതിനായി പ്രയത്‌നിച്ചു.
Next Story

RELATED STORIES

Share it