Movies

കരച്ചില്‍ മറയ്ക്കുന്ന ഒരു വലിയ ചിരി

കരച്ചില്‍ മറയ്ക്കുന്ന ഒരു വലിയ ചിരി
X
     

              ഫഖ്‌റുദ്ദീന്‍ പന്താവൂര്‍





                                                     
myself-kalpana
ചിരിയുടെ പകല്‍പൂരം, അഭിനയത്തിന്റെ കല്‍പനാചാതുര്യം എരിഞ്ഞടങ്ങിയിരിക്കുന്നു. കല്‍പനയുടെ വിയോഗം ഒരു ഞെട്ടലോടെയാണ് മലയാള സിനിമാപ്രേക്ഷകര്‍ കേട്ടത്. കരച്ചിലിനും ചിരിക്കുമിടയിലെ നൂല്‍പാലത്തില്‍ ചാഞ്ചാടിയ കല്‍പനയുടെ കലാജീവിതത്തിന് ഫുള്‍സ്‌റ്റോപ്പിട്ട അവസാന കഥാപാത്രമായ 'ചാര്‍ലി'യിലെ മേരിക്കുമുണ്ടായി ഈ ദുര്‍വിധി. രോഗിയായ ഒരു ലൈംഗികത്തൊഴിലാളി ഒരു കടല്‍യാത്രയില്‍ പൊടുന്നനെ അപ്രത്യക്ഷയാവുകയായിരുന്നു ആ സിനിമയില്‍.
നാടകപ്രവര്‍ത്തകനായ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായ കല്‍പനയ്ക്ക് അഭിനയമികവ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു. 'മലയാളത്തിന്റെ മനോരമ'യെന്നാണ് അവരെ പലരും വിശേഷിപ്പിച്ചിരുന്നത്. പഠനത്തില്‍ പിന്നിലായിരുന്നുവെങ്കിലും കലാരംഗത്ത് ഏറെ മുന്നിലായിരുന്നു കല്‍പന. ഒരു പോസ്റ്റ്‌വുമണ്‍ ആവണമെന്ന് ആഗ്രഹിച്ചിരുന്നതായി ഒരിക്കല്‍ കല്‍പന പറഞ്ഞിരുന്നു.

വിടരുന്ന മൊട്ടുകളിലൂടെ തുടക്കം

cine-sisters

1977ല്‍ പി സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത 'വിടരുന്ന മൊട്ടുകളി'ലൂടെയാണ് ഉര്‍വശിക്കൊപ്പം കല്‍പന ബാലതാരമായി എത്തുന്നത്. അന്ന് കല്‍പനയ്ക്ക് വയസ്സ് 10. തുടര്‍ന്ന് എംടിയുടെ 'മഞ്ഞി'ല്‍ ഗ്രേസിയായി. അരവിന്ദന്റെ 'പോക്കുവെയിലി'ല്‍ നായികയായി അഭിനയിച്ചതും കല്‍പന തന്നെ. മുന്നൂറോളം സിനിമകളില്‍ കല്‍പന അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ ജഗദീഷ്, ജഗതി, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരുമായി ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ ഒരിക്കലും മായാത്ത ചിരിയരങ്ങുകള്‍ സൃഷ്ടിച്ചു.
അപൂര്‍വമായി കിട്ടുന്ന അവസരങ്ങളെപ്പോലും അസാമാന്യ പ്രതിഭയാല്‍, കല്‍പന അവിസ്മരണീയമാക്കി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജി'ലെ സലിംകുമാറിന്റെ ഭാര്യാവേഷം അത്തരത്തിലൊന്നാണ്.


2012ലെ 'തനിച്ചല്ല ഞാന്‍' എന്ന സിനിമയ്ക്ക് സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭര്‍ത്താവ് അനില്‍ബാബുവുമായുള്ള ബന്ധം വിച്ഛേദിച്ചതും ഈ വര്‍ഷത്തില്‍ തന്നെ.

ഒരു വലിയ ചിരിയായിരുന്നു കല്‍പന. നര്‍മവും ചിരിയും സദാ അവരെ ചുറ്റിപ്പറ്റി നിന്നു. തിയേറ്ററുകളില്‍ കല്‍പന ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. അതവര്‍ക്കു കിട്ടിയ കഥാപാത്രങ്ങളുടെ ചിരിയായിരുന്നു. എന്നാല്‍, ആരുടെയും തിരക്കഥയില്ലാതെ പൊതുപരിപാടികളിലും അഭിമുഖങ്ങളിലും അതുപോലെയോ അതിനേക്കാളേറെയോ നര്‍മം കൊണ്ട് അവര്‍ കാഴ്ചക്കാരെ തന്നിലേക്കടുപ്പിച്ചു. അതു തന്നെയാവാം മലയാളികളും മലയാളസിനിമാ ലോകവും കല്‍പനയുടെ വിയോഗത്തെ വിശ്വസിക്കാനാവാതെ തരിച്ചുനിന്നത്.

Kalpana 3
കല്‍പനയുടെ തനത് ഹാസ്യത്തിനു മുന്‍ഗാമികള്‍ ഉണ്ടായിരുന്നില്ല. പിന്‍ഗാമികളും ഇല്ലെന്നത് കല്‍പനയിലെ അഭിനേത്രിയുടെ മിടുക്ക് മാത്രമാണ്. അമ്മായി, പെങ്ങള്‍, കുശുമ്പുകാരി, കള്ളത്തി എല്ലാം കല്‍പനയില്‍ ഭദ്രം. ഹാസ്യത്തില്‍ എത്ര പെട്ടെന്നാണ് 'കേരള കഫേയിലെ ബ്രിഡ്ജി'ലൂടെ അവര്‍ മികച്ച വേഷങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തിയത്. ഹാസ്യമെന്നാല്‍ ഗോഷ്ടികാണിക്കലല്ലെന്നു മനസ്സിലാക്കിയ അപൂര്‍വം നടികളിലൊരാളാണ് കല്‍പന.








ഹാസ്യതാരം എന്ന വിശേഷണത്തില്‍ തളയ്ക്കപ്പെട്ടുപോയ ഒരു നല്ല സ്വഭാവനടിയായ കല്‍പനയെ നമ്മുടെ സിനിമാലോകം വേണ്ടപോലെ പരിഗണിച്ചിട്ടില്ല എന്നത് ഒരു ദുഃഖമായി എന്നും നമ്മെ അലട്ടും. സമീപകാലത്തിറങ്ങിയ ചില ചിത്രങ്ങളിലെ പ്രകടനം അതു ശരിവയ്ക്കുന്നുമുണ്ട്.




മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. സഹോദരിമാരായ ഉര്‍വശിയും കലാരജ്ഞിനിയും മാത്രമല്ല, സഹോദരന്മാരായ കമല്‍റോയും പ്രിന്‍സും സിനിമാകുടുംബത്തിലെ അംഗങ്ങള്‍ തന്നെ. 'ഞാന്‍ കല്‍പന' എന്ന പേരില്‍ അനുഭവക്കുറിപ്പുകളും എഴുതിയിട്ടുണ്ട്.










Next Story

RELATED STORIES

Share it