കരക്കടിഞ്ഞ 'വിമാനാവശിഷ്ടം'; മലേസ്യ തായ്‌ലന്‍ഡില്‍നിന്നു വിവരങ്ങളാരാഞ്ഞു

ക്വാലാലംപൂര്‍: രണ്ടു വര്‍ഷം മുമ്പ് കാണാതായ മേലസ്യന്‍ യാത്രാവിമാനം എംഎച്ച് 370ന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ തായ്‌ലന്‍ഡില്‍ കണ്ടെത്തിയെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് മലേസ്യന്‍ അധികൃതര്‍ തായ്‌ലന്‍ഡില്‍നിന്നു വിവരങ്ങളാരാഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ രണ്ടു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവുമുള്ള വലിയ ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇന്ധന ടാങ്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, കണ്ടെത്തിയത് വിമാനാവശിഷ്ടമാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ലോഹഭാഗങ്ങള്‍ കടലിലെത്തിയിട്ട് ഒരു വര്‍ഷമായിട്ടില്ലെന്നാണ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളുടെ അനുമാനം.
ഇതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കടല്‍ജീവികളെ നിരീക്ഷിച്ചാണ് അവര്‍ ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്. മാര്‍ച്ച് 2014ലാണ് ക്വാലാലംപൂരില്‍നിന്നു ബെയ്ജിങിലേക്കുള്ള യാത്രയ്ക്കിടെ എംഎച്ച് 370 കാണാതായത്. 239 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഭൂരിപക്ഷവും ചൈനക്കാരായിരുന്നു.
Next Story

RELATED STORIES

Share it