കയ്പമംഗലത്ത് കന്നിക്കാരുടെ അങ്കം; മുന്നണി സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങള്‍

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുന്നണികള്‍ക്കുള്ളിലുണ്ടായ വിവാദങ്ങളിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് കയ്പമംഗലം. മൂന്ന് മുന്നണികളുടെയും എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയും പുതുമുഖങ്ങളാണ്. യുഡിഎഫില്‍ ആര്‍എസ്പിയുടെ യുവജന സംഘടനാ നേതാവ് എം ടി മുഹമ്മദ് നഹാസ് ആണ് സ്ഥാനാര്‍ഥി. സിപിഐക്കാരന്‍ ടൈസന്‍ മാസ്റ്ററാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്തും എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി കെ എച്ച് മുഹമ്മദ് റഫീക്കും സജീവമായി രംഗത്തുണ്ട്.
കന്നിയങ്കക്കാരാണെങ്കിലും പയറ്റിത്തെളിഞ്ഞ പോരാളികളെപ്പോലെയാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണം. താരതമ്യേന ആര്‍എസ്പിക്ക് സംഘടനാ ശക്തി കുറവാണെങ്കിലും നഹാസിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ അവതരിപ്പിച്ചതുവഴി സിപിഐയുടെ സിറ്റിങ് മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
എന്നാല്‍, സിപിഐയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ഒരല്‍ഭുതവും ഇക്കുറിയും യുഡിഎഫിന് കാണിക്കാനാവില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ഉറച്ച വിശ്വാസം. എല്‍ഡിഎഫ് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വി എസ് സുനില്‍കുമാര്‍ എംഎല്‍എ നടപ്പാക്കിയ വികസനം ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം.
ന്യൂനപക്ഷ ദലിത് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ശക്തി തെളിയിക്കുമെന്ന ഉറച്ച വിശ്വാസം എസ്ഡിപിഐ-എസ്പി സഖ്യത്തിനുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ മുഹമ്മദ് റഫീക്ക് മണ്ഡലത്തില്‍ സുപരിചിതനാണ്. ശക്തമായ പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്.
Next Story

RELATED STORIES

Share it