Pathanamthitta local

കയര്‍ ഫെയര്‍ ആഭ്യന്തര വിപണിയുടെ വളര്‍ച്ചയ്ക്ക്: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കയര്‍ ഫെയര്‍ സംഘടിപ്പിക്കുന്നത് ആഭ്യന്തര വിപണിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കേരള കയര്‍ ഫെയര്‍ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള വിദേശ വിപണി ലക്ഷ്യമിട്ടുള്ളതാണ്. കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഇതു മാത്രം പോരെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കോന്നിക്കു പുറമേ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലും കോഴിക്കോട് ജില്ലയിലും കയര്‍ ഫെയര്‍ സംഘടിപ്പിച്ചത്. ഈവര്‍ഷം ഇടുക്കി ജില്ലയിലെ തൊടുപുഴയിലും കയര്‍ ഫെയര്‍ സംഘടിപ്പിക്കും. പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കണമെന്ന ലക്ഷ്യത്തിലാണ് ആധുനികവത്കരണ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കയര്‍ സഹകരണ സ്ഥാപനങ്ങളുടെ യന്ത്രവത്കരണം നടപ്പാക്കി. ആലപ്പുഴയില്‍ കയര്‍ നിര്‍മാണ മെഷിനറി ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്തു വരുകയാണ്. പത്തനംതിട്ട ജില്ലയും കയര്‍ വ്യവസായ സംരംഭങ്ങളിലേക്ക് കടന്നു വരണം. ഇതിന്റെ ഭാഗമായി 60 കോടി രൂപ വിനിയോഗിച്ച് ഏനാദിമംഗലത്ത് ആരംഭിച്ച ആധുനിക കയര്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളില്‍ 60 ശതമാനവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇവിടുത്തെ 40 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം മൂന്നു ഷിഫ്ടാക്കുന്നതിന് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ ഫാക്ടറിയുമായി ബന്ധപ്പെട്ട് 60 പേര്‍ക്ക് കയര്‍ പിരിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it