Alappuzha local

കയര്‍ കയറ്റുമതിയില്‍ കുതിപ്പ്

ആലപ്പുഴ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള കയര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി അഞ്ചു കോടി രൂപയിലേക്ക് ഉയര്‍ന്നെന്ന് കയര്‍റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പ്രകൃതിദത്ത കയര്‍നാരുല്‍പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശന വിപണനമേളയായ കയര്‍കേരള 2016 ന്റെ സ്വാഗതസംഘരൂപീകരണത്തിനുശേഷം ആലപ്പുഴ കലക്‌ട്രേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കയര്‍കേരള 2016' ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കും. ഈ വര്‍ഷം ഇതുവരെ അഞ്ചുകോടി രൂപയുടെ കയറ്റുമതിയുണ്ടായി. കയര്‍കേരള 2016ല്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 175 വ്യാപാര പ്രതിനിധികള്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 150 കയറ്റുമതിക്കാരും കയര്‍ കേരളയില്‍ പങ്കെടുക്കും. കയര്‍കേരളയിലൂടെ കയര്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ഫെഡ്, സംസ്ഥാന കയര്‍ കോര്‍പറേഷന്‍, ഫോംമാറ്റിങ്‌സ് എന്നിവയില്‍നിന്നുള്ള കയര്‍ ഉല്‍പന്ന കയറ്റുമതി വര്‍ധിച്ചു. 2010-11ല്‍ 9.92 ലക്ഷം രൂപയുടെ കയറ്റുമതിയാണ് നടന്നെതെങ്കില്‍ 2014-15ല്‍ അത് 4.95 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ അഞ്ചുകോടി രൂപയുടെ കയറ്റുമതി നടന്നു. ഏഴു കോടി രൂപയുടെ കയറ്റുമതിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
ഇന്‍കം സപോര്‍ട്ട് സ്‌കീമിലൂടെ തൊഴിലാളികള്‍ക്ക് 54 കോടി രൂപ നല്‍കി. സ്‌കീമിലൂടെ പണം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. പെന്‍ഷന്‍ 300 രൂപയില്‍ നിന്ന് 600 രൂപയാക്കി. 168 കോടി രൂപ പെന്‍ഷനായി വിതരണം ചെയ്തു കഴിഞ്ഞു. 3.02 ലക്ഷം ക്വിന്റല്‍ കയര്‍ കയര്‍ഫെഡ് മുഖേന സംഭരിച്ചു. തൊണ്ടുസംഭരണം കാര്യക്ഷമാക്കാനായി. 20,000 ടണ്ണില്‍നിന്ന് 40,000 ആയി ഉയര്‍ത്താനായി. 75,000 ടണ്ണിലേക്കുകയര്‍ത്താനാണ് ശ്രമം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എം.പി.മാരായ എ.കെ. ആന്റണി, വയലാര്‍ രവി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി സ്വാതഗസംഘവും വിവിധ കമ്മിറ്റികളും രൂപീകരിച്ചു. കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍ കെ എന്‍ സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍, തോമസ് ജോസഫ്, ഡി സുഗതന്‍, ബീന കൊച്ചുബാവ പങ്കെടുത്തു.
Next Story

RELATED STORIES

Share it