കയര്‍ബോര്‍ഡ് ആസ്ഥാനം തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ ആലോചനയില്ല

കൊച്ചി: കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു മാറ്റാന്‍ നീക്കം നടക്കുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നു കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. കയര്‍ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നു കയര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റണമെന്ന് ആരും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും അത്തരമൊരു ആലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൂല്യവര്‍ധിത കയര്‍ ഉല്‍പന്ന യൂനിറ്റുകളിലേക്കു തമിഴ്‌നാട്ടില്‍ നിന്നു നാരുകള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതായുള്ള ആക്ഷേപവും കഴമ്പില്ലാത്തതാണ്. കേരളത്തില്‍ നാരിനു ക്ഷാമം അനുഭവപ്പെടുന്നില്ല. ആവശ്യത്തിനു നാര് വിപണിയില്‍ ലഭ്യമാണെന്നു ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. നാരിനു ദൗര്‍ലഭ്യമുണ്ടായാല്‍ കയര്‍ ബോര്‍ഡ് തക്കസമയത്ത് ഇടപെടും. നാരിന് ആഗോളതലത്തില്‍ വലിയ ഡിമാന്‍ഡുണ്ട്. ചൈനയിലേക്കാണ് വലിയ തോതില്‍ നാര് കയറ്റിപ്പോവുന്നത്.ഇത്തരത്തില്‍ കയറ്റി പോവുന്ന ഫൈബര്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി ചൈനയില്‍ നിന്ന് ഇവിടെ എത്തുകയാണ്. ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു കയര്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.  അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പാദനം വലിയ തോതില്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ കയര്‍ മേഖലയ്ക്കു വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ. ആഗോള തലത്തില്‍ വലിയ ഡിമാന്റുള്ളകയര്‍ ഉല്‍പന്നങ്ങള്‍ ആവശ്യത്തിന് ഉല്‍പാദനം നടത്താനുള്ള ശേഷി നമ്മുടെ യൂനിറ്റുകള്‍ക്കില്ല. ചൈന കൂടാതെ കൊറിയ, ജപ്പാന്‍, ജര്‍മനി, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങക്ക് പുറമേ ആസ്‌ത്രേലിയയിലും പുതിയ മാര്‍ക്കറ്റ് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു തൊഴിലാളികള്‍ക്കു പരിശീലനം നല്‍കും. കയര്‍ഭൂവസ്ത്രം റോഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നതു വ്യാപകമാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനു കയര്‍ ജിയോടെക്‌സ്  ഉപയോഗപ്പെടുത്തുന്നുണ്ട്. റോഡിന്റെ ഈടും ഉറപ്പും വര്‍ധിപ്പിക്കാന്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ദേശീയപാത നിര്‍മാണത്തിനും വിദ്യ ഉപയോഗപ്പെടുത്താന്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും സി പി  രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it