കമ്മ്യൂണിറ്റി പോലിസിങ്: ദേശീയതലത്തില്‍ കര്‍മപദ്ധതി വേണമെന്ന് രാജ്‌നാഥ് സിങ്

തിരുവനന്തപുരം: പോലിസ് പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തവും പൊതുജന സഹകരണവും ഉറപ്പാക്കുന്നതിനായി ദേശീയതലത്തില്‍ വ്യക്തമായ കര്‍മപദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കോവളം ലീലാ ഹോട്ടലില്‍ കമ്മ്യൂണിറ്റി പോലിസിങ് ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ സമൂഹത്തില്‍ ബലപ്രയോഗത്തിലൂടെയല്ല സഹകരണത്തിലൂടെയാവണം നിയമങ്ങള്‍ നടപ്പാക്കേണ്ടത്. ഓരോ പോലിസ് സ്റ്റേഷനെയും അതിന്റെ പരിധിയിലുള്ള ജനസമൂഹത്തെയും പരസ്പരം ബന്ധപ്പിക്കുന്നതിന് ഫലപ്രദമായ സാങ്കേതിക ഘടനാസംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കമ്മ്യൂണിറ്റി പോലിസിങ്ങിന്റെ കേരള മാതൃകയായ ജനമൈത്രി പദ്ധതിക്ക് വ്യത്യസ്ത സര്‍ക്കാരുകളുടെ കാലത്തും തുടര്‍ച്ചയായി മുന്നോട്ടുപോവാനും കുറഞ്ഞ കാലത്തിനുള്ളില്‍ സമൂഹത്തില്‍ ക്രിയാത്മകമായ സ്വാധീനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍, ഫ്രണ്ട്‌ലൈന്‍ എഡിറ്റര്‍ ആര്‍ കെ രാധാകൃഷ്ണന്‍, എഡിജിപി ഡോ. ബി സന്ധ്യ, റൂറല്‍ എസ്പി ഷെഫീന്‍ അഹ്മദ് സംസാരിച്ചു. സമ്മേളനം ഇന്നു സമാപിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സിറിയക് ജോസഫ് സംസാരിക്കും.
Next Story

RELATED STORIES

Share it