thrissur local

കനോലി കനാല്‍ കരകവിഞ്ഞൊഴുകി; നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍

ചാവക്കാട്: കനോലി കനാലില്‍ ഒരുമനയൂര്‍ മൂന്നാകല്ല് ഭാഗത്തെ ലോക്ക് തുറന്നില്ല. കനോലി കനാല്‍ കരകവിഞ്ഞൊഴുകി. നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍.
പരാതി വ്യാപകമായതോടെ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ സംഘം ലോക്കിന്റെ ചീര്‍പ്പുകള്‍ തുറന്നു. കഴിഞ്ഞ ദിവസം നേരിയ തോതില്‍ നിറഞ്ഞു നിന്നിരുന്ന കനാല്‍ ഇന്നലെ രാവിലേയാണ് കരകവിഞ്ഞൊഴുകിയത്. ഇതോടെ നിരവധി വീടുകള്‍ക്കു ചുറ്റും വെളളം നിറഞ്ഞു. വില്ലേജ് റോഡില്‍ ചെമ്മാപ്പിള്ളി സുശീലന്‍, മുണ്ടപ്പിലാക്കല്‍ കുഞ്ഞുമ്മ, തെക്കേകര പാത്തു, പാമ്പിനേഴത്ത് റഷീദ് തുടങ്ങിയവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായി. വീട്ടുകാര്‍ കുടിക്കാനുപയോഗിച്ചിരുന്ന ജല അതോറിറ്റിയുടെ പൈപ്പും വെള്ളത്തിനടിയിലായി. ഇതോടെ വീട്ടുകാരുടെ കുടിവെള്ളവും മുടങ്ങി.
വിവരം വീട്ടുകാര്‍ അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ഹംസക്കുട്ടി, മൊയ്‌നുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വൈകുന്നേരത്തോടെ സ്ഥലത്തെത്തി ലോക്കിന്റെ ചീര്‍പ്പുകള്‍ വലിച്ചു തുറക്കുകയായിരുന്നു. ഇതോടെ ലോക്കിന്റെ വടക്കു ഭാഗത്ത് കെട്ടി നിന്നിരുന്ന വെള്ളം ശക്തമായി ചേറ്റുവ പുഴയിലേക്ക് ഒഴുകി.
മൂന്നാകല്ല് ഭാഗത്തെ ലോക്ക് തുറക്കാന്‍ നിരവധി തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഇവര്‍ സ്വീകരിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. പിന്നീട് പ്രധാന ലോക്കും തുറന്നു. ഇതോടേയാണ് കനോലി കനാല്‍ തീരത്തെ വെള്ളക്കെട്ടിന് താല്‍ക്കാലിക ശമനമായത്.
വെള്ളം കരകവിഞ്ഞൊഴകിയതോടെ കിലോമീറ്ററുകള്‍ ദുരത്തിലുള്ള കനാലി തീരത്തെ വീട്ടുകാര്‍ വന്‍ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്. നൂറുകണക്കിന് വീടുകളാണ് കനാല്‍ തീരത്ത് സ്ഥിതിചെയ്യുന്നത്. കുട്ടികളടക്കമുള്ളവര്‍ വീട്ടില്‍ തന്നെ കുടങ്ങിയതോടെ ഇവരെ മാറ്റി പാര്‍പ്പിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it