കനയ്യയെ കൊല്ലാനുള്ള ആഹ്വാനം; പൂര്‍വാഞ്ചല്‍സേനാ നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പൂര്‍വാഞ്ചല്‍ സേന അധ്യക്ഷന്‍ ആദര്‍ശ് ശര്‍മയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ശര്‍മയെ കഴിഞ്ഞ ആഴ്ച പോലിസ് ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കനയ്യ കുമാര്‍ ഒരു ഒറ്റുകാരനാണെന്നും അയാളെ മരിച്ചനിലയില്‍ തനിക്കു വേണമെന്നുമാണ് ശര്‍മ പ്രഖ്യാപിച്ചിരുന്നത്.
കനയ്യ കുമാര്‍ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാതൃരാജ്യത്തെ ഒറ്റുകൊടുത്തു. ഇതില്‍ വിധി നടപ്പാക്കാന്‍ കോടതിക്കു സമയമെടുക്കേണ്ടിവരും. പക്ഷേ, കനയ്യ കുമാറിനെ തന്റെ ഇടം നേരത്തെ തന്നെ നമ്മള്‍ കാണിക്കണം. അയാളുടെ കൊലയാളിക്ക് താന്‍ 11 ലക്ഷം നല്‍കുമെന്നും ശര്‍മ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ജനങ്ങളുടെ ക്ഷേമത്തിനെന്ന പേരിലാണ് ശര്‍മ പൂര്‍വാഞ്ചല്‍ സേന രൂപീകരിച്ചത്.
തങ്ങള്‍ക്ക് നീതിപീഠത്തില്‍ വിശ്വാസമാണെന്നും എന്നാല്‍, നീതി പെട്ടെന്നു തന്നെ നടപ്പാക്കണമെന്നുമാണ് കനയ്യ കുമാറിന്റെ കൊലയാളിക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തെക്കുറിച്ച് സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
Next Story

RELATED STORIES

Share it