palakkad local

കനയ്യയുടെ വാക്കുകള്‍ ഫലിച്ചു; മുഹ്‌സിന്റെ വിജയം മോദിക്കുള്ള തിരിച്ചടി

എം വി വീരാവുണ്ണി

പട്ടാമ്പി: 'പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം മോഡിക്ക് ഉള്ള ആദ്യ തിരിച്ചടിയായിരിക്കും' മുഹ്‌സിന്റെ പ്രചാരണത്തിന് എത്തിയ ജെഎന്‍യു സമര നായകന്‍ കനയ്യ കുമാറിന്റെ വാക്കുകള്‍ പൊന്നാക്കിയ വോട്ടര്‍മാര്‍ മുഹ്‌സിന് നല്‍കിയത് തിളങ്ങുന്ന വിജയം. കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാരായ എകെ ഗോപാലനും ഇഎംഎസും പല പ്രാവശ്യം ജയിച്ചിരുന്ന പട്ടാമ്പി ജെഎന്‍യു വിപ്ലവകാരിയായ മുഹമ്മദ് മുഹ്‌സിനിലൂടെ എല്‍ഡിഎഫിലെ സിപിഐ തിരിച്ചു പിടിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയ സിപി മുഹമ്മദിനെ 7404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുഹ്‌സിന്‍ അടിയറവ് പറയിച്ചത്.
കഴിഞ്ഞ 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി 5000ത്തില്‍ പരം വോട്ടുകള്‍ പിടിച്ചിട്ട് കൂടി 12475 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപി ജയിച്ച സ്ഥലത്താണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മുഹ്‌സിന്‍ ചരിത്ര വിജയം നേടിയത്. ജെഎന്‍യു സമര നായകന്‍ കനയ്യ കുമാറിന്റെ സഹചാരി എന്ന നിലയില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്രിയ സ്ഥാനാര്‍ഥിയായിരുന്നു മുഹ്‌സിന്‍. എഐഎസ്എഫ് ജെഎന്‍യു യൂനിറ്റ് വൈസ് പ്രസിഡന്റാണ്.
അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘാഗം എന്ന നിലയിലും അറിയപ്പെട്ടിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എംഎസ്ഡബ്ല്യൂവും കഴിഞ്ഞാണ് മുഹ്‌സിന്‍ ജെഎന്‍യുവില്‍ ഉപരിപഠനം നടത്തിയത്.
പട്ടാമ്പിക്കടുത്ത് കാരക്കാട് ആത്മീയ പണ്ഡിതനായിരുന്ന മാനു മുസ്‌ല്യാരുടെ പേരമകന്‍ എന്ന നിലക്ക് മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ സ്വരൂപിക്കാമെന്ന ഇടതുമുന്നണിയുടെ തന്ത്രം കൂടിയാണ് മുഹ്‌സിന്റെ വിജയത്തില്‍ കലാശിച്ചത്. കനയകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതോടു കൂടി നിഷ്പക്ഷ വോട്ടുകള്‍ കൂടി കേന്ദ്രീകരിച്ചതോടെയാണ് ഭൂരിപക്ഷം 7404 ല്‍ എത്തിയത്.
പട്ടാമ്പി നഗരസഭ, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍, വല്ലപ്പുഴ ഗ്രമപ്പഞ്ചായത്തുകള്‍ യുഡിഎഫും വിളയൂര്‍, കൊപ്പം, മുതുതല, ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലുമാണ്.
ഫാഷിസത്തിനെതിരായുള്ള ദേശീയ സമരമുഖത്തിലെ യുവ പോരാളിയും സഹപാഠിയുമായ കനയ്യ കുമാറിന്റെ മണ്ഡല സന്ദര്‍ശനവും തകര്‍പ്പന്‍ പ്രസംഗവും മുഹ്‌സിന്റെ വിജയത്തിലേക്കുള്ള വഴികള്‍ എളുപ്പമാക്കി.
മുഹ്‌സിന്റെ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്ന് പ്രസംഗത്തില്‍ കനയ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒ രാജഗോപാലിന്റെ ജയത്തിലൂടെ ബിജെപി കേരളത്തില്‍ സംഘപരിവാര രാഷ്ട്രീയത്തിന് വളക്കൂറൊരുക്കാന്‍ ശ്രമിക്കുമ്പോ ള്‍ത്തന്നെ തീവ്രദേശീയ രാഷ്ട്രീയത്തിന്റെ അന്ത്യം ദേശീയ തലത്തില്‍ കുറിക്കാന്‍ ആദ്യ പടിയാണ് മുഹ്‌സിന്റെ വിജയമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it