കനയ്യക്ക് ജാമ്യം; ഇന്ന് ജയില്‍മോചിതനാവും

കെ എ സലിം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ആറുമാസത്തേക്ക് ഉപാധികളോടെയാണു ജാമ്യം.
ജാമ്യത്തുകയായി 10,000 രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവയ്ക്കണം. കേസന്വേഷണവുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിര്‍ദേശിച്ചു.
കനയ്യക്കു വേണ്ടി ജെഎന്‍യു അധ്യാപകര്‍ ജാമ്യം നില്‍ക്കണം. ജാമ്യത്തുക അധ്യാപകര്‍ തന്നെ നല്‍കും. കനയ്യക്ക് ജാമ്യം അനുവദിക്കരുതെന്ന ഡല്‍ഹി പോലിസിന്റെ വാദം കോടതി തള്ളി. ഹരജിയില്‍ തിങ്കളാഴ്ച വാദം അവസാനിച്ചിരുന്നെങ്കിലും വിധി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് ഏഴോടെയാണു വിധി പുറപ്പെടുവിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നായിരിക്കും കനയ്യ ജയില്‍മോചിതനാവുക.
രണ്ടാഴ്ച പോലിസ് കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണു ജാമ്യം ലഭിക്കുന്നത്. അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12നാണ് ജെഎന്‍യു കാംപസില്‍ മഫ്തിയിലെത്തിയ പോലിസ് കനയ്യയെ അറസ്റ്റ് ചെയ്തത്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ കൈവശമുണ്ടെന്ന് അവകാശപ്പെട്ട പോലിസ് കഴിഞ്ഞദിവസം നിലപാട് മാറ്റിയിരുന്നു. സാക്ഷിമൊഴികള്‍ മാത്രമേയുള്ളൂവെന്ന് ഹൈക്കോടതിയില്‍ തിരുത്തി.
രാജ്യദ്രോഹക്കേസ് ചുമത്താനായി പോലിസ് പരിഗണിച്ച വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്. കൂടാതെ, സാക്ഷിമൊഴി നല്‍കിയ നാലുപേരും എബിവിപി പ്രവര്‍ത്തകരായിരുന്നു. അറസ്റ്റിലായ ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കിയ കനയ്യയെ സംഘപരിവാര അനുകൂലികളായ അഭിഭാഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
പ്രശ്‌നത്തില്‍ സുപ്രിംകോടതി ഇടപെടുകയും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ആദ്യം പറഞ്ഞ പോലിസ് പിന്നീട് നിലപാട് മാറ്റി. എന്നാല്‍ ആരോപണങ്ങള്‍ക്കനുസൃതമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it