കനയ്യകുമാറിന് വിമാനത്തില്‍ കൈയേറ്റം

മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ വിമാനത്തില്‍ കൈയേറ്റം. മുംബൈ-പൂനെ ജെറ്റ് എയര്‍വേസില്‍ ഇന്നലെ രാവിലെ 10ഓടെയാണു സംഭവം. സുരക്ഷ കണക്കിലെടുത്ത് കനയ്യയെ വിമാനത്തില്‍ നിന്നിറക്കി. റോഡ് മാര്‍ഗമാണ് അദ്ദേഹം പൂനെയിലേക്കു പോയത്. സംഭവവുമായി ബന്ധപ്പെട്ട് മനാസ് ജ്യോതി ദേക എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
വിമാനത്തില്‍ കയറിയ ഉടനെ ഒരാള്‍ തന്നെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കനയ്യ ട്വിറ്ററില്‍ കുറിച്ചു. ഈ സമയം വിമാനം പുറപ്പെട്ടിരുന്നില്ല. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ദേശീയ അധ്യക്ഷന്‍ സയ്യിദ് വലിയുല്ല ഖാദിരിയും ജെഎന്‍യുവിലെ മറ്റു രണ്ടുപേരും കനയ്യക്കൊപ്പം ഉണ്ടായിരുന്നു. ഇവരാണ് ആക്രമണം തടഞ്ഞത്.
എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കനയ്യ പരാതിനല്‍കി. എന്നാല്‍ അക്രമിക്കെതിരേ ജെറ്റ് എയര്‍വേസ് നടപടിയെടുത്തില്ലെന്നും രണ്ടുപേരെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായും കനയ്യകുമാര്‍ ആരോപിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണു കനയ്യ മുംബൈയിലെത്തിയത്.
Next Story

RELATED STORIES

Share it