കനയ്യകുമാറിന് ബിഹാറില്‍ ഊഷ്മള സ്വീകരണം

പട്‌ന: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് ജന്മദേശമായ ബിഹാറില്‍ ഊഷ്മള സ്വീകരണം. സര്‍ക്കാര്‍ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ജയില്‍മോചിതനായ ശേഷം ആദ്യമായാണ് കനയ്യ ബിഹാറിലെത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയ കനയ്യയെ പോലിസുകാര്‍ അനുഗമിച്ചു. ബിഹാറിലെ ബെഗുസരായി ജില്ലക്കാരനാണു കനയ്യ.
രണ്ടു ദിവസത്തെ ബിഹാര്‍ പര്യടനത്തിനെത്തിയ അദ്ദേഹം മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും കനയ്യ കണ്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ ജയിലില്‍ അടച്ചപ്പോള്‍ ഇരുനേതാക്കളും അദ്ദേഹത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കനയ്യയെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തതിനെ ബിജെപി ചോദ്യംചെയ്തു.
അതേസമയം, ജെഎന്‍യു അധികൃതര്‍ തനിക്കെതിരേ ചുമത്തിയ പിഴസംഖ്യ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ കരാര്‍ തൊഴിലാളികള്‍ അടയ്ക്കുമെന്ന് കനയ്യ ട്വിറ്ററില്‍ കുറിച്ചു. കനയ്യക്ക് 10,000 രൂപയാണ് പിഴയിട്ടത്.
Next Story

RELATED STORIES

Share it