കനയ്യകുമാറിന്റെ അറസ്റ്റ്; കേരള ഹൈക്കോടതിയില്‍ പ്രതിഷേധവും ചേരി തിരിവും

കൊച്ചി: കനയ്യകുമാറിന്റെ അറസ്റ്റും പട്യാല കോടതിയിലെ സംഭവങ്ങളും കേരള ഹൈക്കോടതിയിലും പ്രതിഷേധത്തിനും ചേരിതിരിവിനും ഇടയാക്കി. കനയ്യകുമാറിന്റെ മോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഇടത് അഭിഭാഷക സംഘടനകള്‍ പ്രകടനം നടത്തി. സംഘപരിവാര്‍ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, കോടതികളെ നര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍, അഭിഭാഷക അസോസിയേഷന്റെ അനുമതിയില്ലാതെ ചേംബര്‍ കോംപ്ലക്‌സ് പരിസരം പ്രതിഷേധത്തിന് ഉപയോഗിച്ചതിനെതിരേ മറ്റൊരു വിഭാഗം അഭിഭാഷകര്‍ പരാതി നല്‍കി. അസോസിയേഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ചേംബര്‍ കോംപ്ലക്‌സ് പരിസരം പ്രതിഷേധ വേദിയാക്കിയതെന്നും ഈ നടപടി അസോസിയേഷന്റെ ചട്ടത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി അസോസിയേഷന്‍ ഭാരവാഹി നോട്ടീസും നല്‍കി.
കനയ്യകുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഷണ്‍മുഖം റോഡിലൂടെ അഭിഭാഷകരുടെ ചേംബര്‍ വളപ്പില്‍ സമാപിച്ചു. സീനിയര്‍ അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, രഞ്ജിത് തമ്പാന്‍ സംസാരിച്ചു. അശോക് എം ചെറിയാന്‍, പി വി സുരേന്ദ്രനാഥ്, എന്‍ മനോജ്കുമാര്‍, കെ കെ നാസര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രകടനം നടന്നതിന് പിന്നാലെയാണ് അഭിഭാഷകരുടെ ചേംബര്‍ വളപ്പില്‍ അസോസിയേഷന്റെ അനുമതിയില്ലാതെ പ്രതിഷേധ സമരം നടത്തിയതിനെതിരേ അഡ്വ. ടി സി കൃഷ്ണയുടെ നേതൃത്വത്തില്‍ ചിലര്‍ രംഗത്തെത്തിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ വ്യക്തിയെ പിന്തുണച്ച് അസോസിയേഷന്റെ കൈവശമുള്ള ചേംബര്‍ വളപ്പില്‍ സമരം നടത്തിയത് അപലപനീയമാണ്. പ്രതിഷേധ പ്രകടനത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കി അസോസിയേഷന്‍ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഈ വിഭാഗം അസോസിയേഷന് കത്ത് നല്‍കി. വിവരം അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും ഹൈക്കോടതി രജിസ്ട്രാറെയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഈ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അനുമതിയില്ലാതെയാണ് ചില സംഘടനകള്‍ ചേംബര്‍ വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയതെന്നും ഇത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി സെക്രട്ടറി ജഗന്‍ എബ്രഹാം എം ജോര്‍ജ് നോട്ടീസ് പുറപ്പെടുവിച്ചത്.
പട്യാല കോടതിയില്‍ അഭിഭാഷകരടക്കമുള്ളവര്‍ക്കെതിരേ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ സീനിയര്‍ അഭിഭാഷക അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് പ്രസിഡന്റ് എന്‍ സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സി. കമ്മിറ്റി യോഗം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it