കനയ്യകുമാറിനെ മൂന്നു മണിക്കൂര്‍ മര്‍ദ്ദിച്ചെന്ന് അഭിഭാഷകര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ തങ്ങള്‍ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പട്യാല കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകര്‍. അക്രമത്തിനു നേതൃത്വംനല്‍കിയ അഭിഭാഷകരായ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ എന്നിവര്‍ ഇന്ത്യാ ടുഡെ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കനയ്യയെ മൂന്നു മണിക്കൂര്‍ മര്‍ദ്ദിച്ചെന്നും മര്‍ദ്ദനത്തിന്റെ കാഠിന്യംമൂലം വിദ്യാര്‍ഥി പാന്റ്‌സില്‍ മൂത്രമൊഴിച്ചെന്നും വിക്രം സിങ് ചൗഹാന്‍ പറഞ്ഞു. കനയ്യയെ കൊണ്ട് ഭാരത് മാതാകീ ജയ് എന്നു വിളിപ്പിച്ചെന്നും ചൗഹാന്‍ വെളിപ്പെടുത്തി. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യു അധ്യാപകരെയും മര്‍ദ്ദിച്ചെന്നു യശ്പാല്‍ സിങ് പറഞ്ഞു. ആക്രമണത്തിന് പോലിസിന്റെ പൂര്‍ണ സഹകരണമുണ്ടായിരുന്നു. കനയ്യയെ ഇനിയും മര്‍ദ്ദിക്കുമെന്നും അതിന്റെ പേരില്‍ എന്ത് നടപടിയെടുത്താലും പ്രശ്‌നമില്ലെന്നും കൊലക്കുറ്റം വരെ ഏല്‍ക്കാന്‍ തയ്യാറാണെന്നും യശ്പാല്‍ സിങ് വീഡിയോയില്‍ പറഞ്ഞു.
കോടതിയില്‍ നടന്ന അക്രമത്തില്‍ തങ്ങള്‍ക്ക് പോലിസിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ചൗഹാന്‍ പറഞ്ഞു. തനിക്കടുത്ത് നിന്ന സിആര്‍പിഎഫ് അംഗം യൂനിഫോമിലായതിനാലാണ് അക്രമത്തില്‍ പങ്കെടുക്കാത്തതെന്നും താങ്കള്‍ ചെയ്യുന്നതു നല്ലതാണെന്നും തന്നോടു പറഞ്ഞതായി ചൗഹാന്‍ പറഞ്ഞു. അക്രമത്തില്‍ അഭിഭാഷകര്‍ മാത്രമല്ല പങ്കെടുത്തതെന്ന ആരോപണത്തെയും ചൗഹാന്റെ അഭിമുഖം സ്ഥിരീകരിക്കുന്നുണ്ട്. കോടതിയിലെ അക്രമത്തില്‍ പങ്കെടുത്ത പലരും പുറത്തുനിന്ന് വന്നവരായിരുന്നുവെന്ന് ചൗഹാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it