കനയ്യകുമാര്‍ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈക്കോടതി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ടാണ് തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വിദ്യാര്‍ഥിനേതാവിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജയില്‍ പരിസരത്തെത്തി.
കനത്ത സുരക്ഷയ്ക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലേക്കാണ് കനയ്യ ഇറങ്ങിവന്നത്. പുറത്തേക്കുള്ള മൂന്നു കവാടത്തിലും ഒരുപോലെ സുരക്ഷയൊരുക്കിയതിനാല്‍ ഏതു കവാടത്തിലൂടെയാണ് കനയ്യ പുറത്തിറങ്ങുകയെന്നറിയാതെ മാധ്യമപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. വെളിയിലെത്തി കനയ്യ വാഹനത്തില്‍ കയറിയശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്.
കനയ്യക്ക് മതിയായ സുരക്ഷയൊരുക്കാന്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടായിരുന്നു. ജയിലിലെത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതി ഉത്തരവ് അധികൃതര്‍ക്ക് കൈമാറി. സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം ജയിലിനു സമീപത്തെ ഹരിനഗര്‍ പോലിസ് സ്‌റ്റേഷനിലേക്കാണ് ആദ്യം പോയത്. അവിടെനിന്ന് മൂന്ന് പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ ജെഎന്‍യുവിലേക്ക് പുറപ്പെട്ടു. കാംപസിലെത്തിയ കനയ്യകുമാറിനെ മുദ്രാവാക്യങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. ആഹ്ലാദപ്രകടനത്തിനു ശേഷം കനയ്യ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കനയ്യയുടെ സ്വദേശമായ ബെഗുസറാഇയിലും ജനങ്ങള്‍ സന്തോഷം പങ്കുവച്ചു. അതേസമയം, ഭാവി നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ഥി യൂനിയനും യോഗം ചേര്‍ന്നു.
Next Story

RELATED STORIES

Share it