ernakulam local

കനത്ത മഴ: വെള്ളക്കെട്ടിനെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ബൂത്ത്മാറ്റി

മട്ടാഞ്ചേരി: കനത്ത മഴയെതുടര്‍ന്ന് വെള്ളം കയറിയതിനെതുടര്‍ന്ന് മൂന്നിടങ്ങളില്‍ ബൂത്ത് മാറ്റി. നഗരസഭ മൂപ്പതാം ഡിവിഷനായ ഐലന്റ് സൗത്തിലെ ഒന്നാം നമ്പര്‍ ബൂത്ത് കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് മാറ്റി.
ബുധനാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് കഠാരിബാഗ് കെവി സ്‌കൂളിലെ ബൂത്തിന്റെ അകത്തും പുറത്തും വെള്ളം കയറുകയായിരുന്നു. വെള്ളക്കെട്ടുണ്ടായിട്ടും രാവിലെ മുതല്‍ തന്നെ ഉദ്യോഗസ്ഥര്‍ പോളിങ് നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ നിന്ന് ജോലി ചെയ്യുകയും വോട്ടര്‍മാര്‍ വെള്ളത്തില്‍ നിന്ന് വോട്ട് ചെയ്യേണ്ട അവസ്ഥ വരികയും ചെയ്തതോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചു കളയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം സ്ഥലത്തെത്തി പോളിങ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ബൂത്ത് കെവി സ്‌കൂളിലെ മുകളിലത്തെ നിലയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 44-ാം ഡിവിഷനിലെ കാരണക്കോടത്ത് വെള്ളം കയറിയതിനാല്‍ വോട്ടെടുപ്പ് മുകള്‍നിലയിലേക്കു മാറ്റേണ്ടി വന്നതിനാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് പോളിങ് തുടങ്ങിയത്.
അതേസമയം 8, 14, 23, 24 ഡിവിഷനുകളില്‍ നാലിടത്തും തകരാറിലായ യന്ത്രങ്ങള്‍ ഏഴു മണിക്കു മുന്‍പേ മാറ്റിവച്ച് പ്രശ്‌നം പരിഹരിച്ചു. എറണാകുളം 62-ാം ഡിവിഷന്‍ കരിത്തലയില്‍ സെന്റ് ജോസഫ് യുപി എസിലും വെള്ളം കയറിയതിനാല്‍ ബൂത്ത് അടുത്ത ക്ലാസിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it