കനത്ത മഴ പോളിങിന്റെ ആവേശം കെടുത്തി; തമിഴ്‌നാട്ടില്‍ 73.76 %, പുതുച്ചേരിയില്‍ 81.94

ചെന്നൈ: ഗ്രാമീണജനത ആവേശത്തോടെ പങ്കാളികളായ തമിഴ്‌നാട് നിയമസഭാ വോട്ടെടുപ്പില്‍ 73.76 ശതമാനം പോളിങ്. മൂന്നുമണിവരെ പോളിങ് സാധാരണനിലയിലായിരുന്നെങ്കിലും പിന്നീട് വോട്ടര്‍മാരില്ലാത്ത കാഴ്ചയായിരുന്നു മിക്ക ബൂത്തുകളിലും. രാവിലെ നീണ്ടനിര പ്രത്യക്ഷപ്പെട്ടെങ്കിലും പലയിടങ്ങളിലും മഴ പെയ്തത് പോളിങിന്റെ ആവേശം കെടുത്തി.
അന്തിമ പോളിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി പറഞ്ഞു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കമ്മീഷന്‍ വിപുലമായ പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല. ചെന്നൈ നഗരത്തില്‍ പോളിങ്‌നില ശുഷ്‌കമായിരുന്നു. ഗ്രാമീണമേഖലയായ ധര്‍മപുരിയിലും പെന്നഗരത്തിലും കനത്ത പോളിങ് നടന്നു.
വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് മാറ്റിവച്ച അരവാകുറിശ്ശി, തഞ്ചാവൂര്‍ മണ്ഡലങ്ങളില്‍ 23നും 25നുമാണ് വോട്ടെടുപ്പ്. പുതുച്ചേരിയില്‍ വൈകീട്ട് അഞ്ചു വരെ 81.94 ശതമാനം പോളിങ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. തിരുപ്പൂര്‍ കാങ്കേയം മണ്ഡലത്തിലെ ബൂത്തില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ഹൃദയാഘാതംമൂലം മരിച്ചു. പോളിങ് ഓഫിസറായ ശെല്‍വരാജ് എന്ന അധ്യാപകനാണു മരിച്ചത്. മധുര സെന്‍ട്രല്‍ മണ്ഡലത്തില്‍ 70കാരനും വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടെ മണ്ഡലത്തില്‍ 70കാരിയും വോട്ട് ചെയ്യാന്‍ വരിനില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അത്യാഹിതങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. കാരക്കുടിയിലും തിരുമണവയലിലും പോളിങ് ബൂത്തിന്റെ മേല്‍ക്കൂര തകര്‍ന്നാണ് യഥാക്രമം അഞ്ചും മൂന്നും പേര്‍ക്ക് പരിക്കേറ്റത്. അരിയാലൂരില്‍ വോട്ട് ചെയ്തു മടങ്ങിയ മധ്യവയസ്‌ക സൂര്യതാപമേറ്റു മരിച്ചു. മുഖ്യമന്ത്രി ജയലളിത ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജിലെ ബൂത്തില്‍ തോഴി ശശികലയ്‌ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രണ്ടുദിവസത്തിനകം എല്ലാമറിയാമെന്നായിരുന്നു ജയലളിതയുടെ പ്രതികരണം. മൂന്നുപതിറ്റാണ്ടായി തുടരുന്ന ഇടവിട്ട ഭരണത്തിന് ഇത്തവണ അന്ത്യംകുറിക്കുമെന്നും അണ്ണാ ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്നും അവര്‍ പറഞ്ഞു.
ഗോപാലപുരം ബൂത്തില്‍ വോട്ട് ചെയ്ത കരുണാനിധി ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it