malappuram local

കനത്ത മഴയും കാറ്റും; കാളികാവില്‍ ആറും എടക്കരയില്‍ പത്തും ഏക്കര്‍ നെല്‍ കൃഷി നശിച്ചു

കാളികാവ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ചോക്കാട് പഞ്ചായത്തിലെ നെല്ലറയായ കൂരിപ്പൊയില്‍, മുപ്ര എന്നിവിടങ്ങളില്‍ ആറ് ഏക്കറോളം നെല്‍പാടം വെള്ളത്തിലായി. ശക്തമായ മഴയില്‍ വെള്ളവും മണ്ണും കയറിയാണ് നെല്‍കൃഷി നശിച്ചത്. മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ സലാം, കപ്പക്കുന്നന്‍ മുഹമ്മദ്, ഉണ്ണിയാത്തു പൊട്ടേങ്ങല്‍, നീറന്‍കുയ്യന്‍ അലവി തുടങ്ങിയ പത്തോളം കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചത്. കനത്ത മഴയില്‍ നെല്‍പാടങ്ങള്‍ വെള്ളം മൂടിയതിന് പുറമെ ഓടത്തോട് തകരുക കൂടി ചെയ്തതോടെ ചെളിയും മണ്ണും കയറാനിടയായി. കടിഞ്ചീരി മലവാരത്തില്‍ നിന്നൊഴുകുന്ന തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതാണ് തോടിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഓടത്തോടിന്റെ ഇരുഭാഗവും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൊയ്‌തെടുക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് പാടശേഖരങ്ങള്‍ വെള്ളത്തിലായത്. പലരും പാട്ടത്തിനെടുത്താണ് നെല്‍കൃഷി നടത്തുന്നത്. ചോക്കാട് കൃഷി അസിസ്റ്റന്റ് വി മുനവ്വിര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
എടക്കര: കനത്ത മഴയില്‍ ഉദിരകുളത്ത് റോഡ് തകര്‍ന്നു. പത്ത് ഏക്കര്‍ പാടത്ത് കൊയ്തിട്ട നെല്ലും നശിച്ചു. ഉദിരകുളത്തെയും ചെമ്പന്‍കൊല്ലിയെയും ബന്ധിപ്പിക്കുന്ന റോഡാണ് തിങ്കളാഴ്ച രാത്രിയുണ്ടായ മഴയിലും മലവെള്ളപ്പാച്ചിലും തകര്‍ന്നത്. രണ്ട് റോഡുകളും സന്ധിക്കുന്ന സ്ഥലത്തുളള കലുങ്കും തകര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. റോഡിന്റെ പകുതിയോളം ഭാഗം തകര്‍ന്ന നിലയിലാണ്. ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോവുന്നത് അപകടത്തിന് കാരണമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. മണക്കാട് പാടശേഖരത്തിലെ പത്തേക്കര്‍ പാടത്ത് വെള്ളം നിറഞ്ഞതോടെയാണ് കൊയ്തിട്ട നെല്ല് നശിച്ചത്. പുതിയകത്ത് ജമീല, ഇറക്കല്‍ ബിന്ദു, ദേവകി, അംബുജം, ചിറപ്പുറത്ത് ശോശാമ്മ എന്നിവരുടെ നെല്ലാണ് നശിച്ചത്. സംഘകൃഷി പദ്ധതിയിലാണ് ഇവര്‍ ഇവിടെ കൃഷി ചെയ്തത്. ബാങ്കില്‍ നിന്ന് വായ്പ എടുത്തായിരുന്നു ഇവരുടെ കൃഷി. പാലേമാട്, ശങ്കരംകുളം, പറലി ഭാഗങ്ങളില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. രണ്ട് കിണറുകളും തകര്‍ന്നു. വഴിക്കടവ് താഴെ മാമാങ്കരയിലെ പരുത്തിക്കാടന്‍ പാത്തുമ്മയുടെ വീടിനു മുകളില്‍ തെങ്ങ് വീണു. സമീപത്തെ തെങ്ങ് വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. തലനാരിഴക്കാണ് വീട്ടുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചെറുമകളുടെ വിവാഹം നിശ്ചയിച്ചിരിക്കെ വീട് നന്നാക്കാന്‍ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ഇവര്‍.
Next Story

RELATED STORIES

Share it