thrissur local

കനത്ത ചൂട്: കടലാമക്കൂട്ടിലെ മുട്ടകള്‍ ക്രമാതീതമായി നശിക്കുന്നു

ചാവക്കാട്: കനത്ത ചൂട് മൂലം കടലാമക്കൂട്ടിലെ മുട്ടകള്‍ ക്രമാതീതമായി നശിക്കുന്നു. ജില്ലയിലെ കടലോരത്തെ കടലാമക്കൂടുകളില്‍ പലതില്‍ നിന്നും ഒരു കുഞ്ഞുപോലും വിരിഞ്ഞു പുറത്തുവരാത്ത അവസ്ഥയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഒരുകുഞ്ഞുപോലും പുറത്തുവരാത്ത കൂട് ഉണ്ടായിരുന്നില്ലെന്ന് കടലാമ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജയിംസ് പറഞ്ഞു.
നവംബറില്‍ ആരംഭിച്ച കടലാമകളുടെ കൂടുവെയ്ക്കല്‍ പ്രക്രിയ മാര്‍ച്ച് മാസവും തുടര്‍ന്നു. ഈ വര്‍ഷം 26 കൂടുകളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്. ജില്ലയുടെ വിവിധ കടലോരങ്ങളില്‍ നിന്നായി 2000 ത്തോളം കുഞ്ഞുങ്ങളേയാണ് വിരിയിച്ച് കടലിലേക്ക് ഇറക്കിയത്.
എടക്കഴിയൂര്‍, ബ്ലാങ്ങാട,് അകലാട്, പുത്തന്‍ കടപ്പുറം, പെരിയമ്പലം എന്നിവിടങ്ങളിലാണ് ജില്ലയില്‍ കടലാമകള്‍ കൂടുവെയ്ക്കുന്ന പ്രധാനകേന്ദ്രങ്ങള്‍. സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് പ്രേംചന്ദ്രന്‍, റെയ്ഞ്ചര്‍ ജയകുമാര്‍, ഉദ്യോഗസ്ഥരായ നന്ദകുമാര്‍, വിജയന്‍, പ്രവര്‍ത്തകരായ സലിം ഐ ഫോക്കസ്, സെയ്തു മുഹമ്മദ്, ലത്തീഫ്, ജയരാജന്‍, വടക്കേക്കാട് പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് കടലാമ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്.
Next Story

RELATED STORIES

Share it