കനത്ത കാറ്റും മഴയും; യുഎഇ സ്തംഭിച്ചു

കബീര്‍ എടവണ്ണ

ദുബയ്: കനത്ത കാറ്റും മഴയെയും തുടര്‍ന്ന് യുഎഇ സ്തംഭിച്ചു. ഏറ്റവും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയത് അബൂദബിയിലാണ്. അബൂദബിയില്‍ മഴയോടുകൂടി വീശിയ ശക്തമായ കാറ്റിനെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച ശക്തമായ കാറ്റിനെ തുടര്‍ന്ന് അബൂദബി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. സര്‍വീസ് നടത്തിയ വിമാനങ്ങള്‍ക്കുതന്നെ സമയക്രമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഎഇയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കേരള സിലബസ് പ്രകാരമുള്ള പത്താം തരം പരീക്ഷ സമയത്തുതന്നെ നടക്കും. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മിക്ക കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബയിക്കും അല്‍ അയ്‌നിലും 240 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ദുബയില്‍ അല്‍ ബര്‍ഷ, അല്‍ ഖൂസ്, ജബല്‍ അലി തുടങ്ങിയ പ്രദേശങ്ങളിലാണ് റോഡുകള്‍ വെള്ളത്തിലായത്.
യുഎഇയിലെ പ്രധാന റോഡുകളായ ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ പാതകളിലെല്ലാംതന്നെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അബൂദബിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കടക്കം മരങ്ങളും വൈദ്യുതിത്തൂണുകളും മേല്‍ക്കുരകളും പരസ്യ ബോര്‍ഡുകളും വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ, ദുബയ് വിമാനത്താവളങ്ങളില്‍നിന്നു—ള്ള വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. റാസല്‍ ഖൈമ, ഫുജൈറ, ഷാര്‍ജ, ഹത്ത തുടങ്ങിയ പ്രദേശങ്ങളിലെ താഴ്‌വരകള്‍ വെള്ളംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it