thiruvananthapuram local

കനത്തമഴ: വലിയതുറയില്‍ നൂറു വീടുകള്‍ തകര്‍ന്നു; കോവളം ബീച്ച് കടലെടുത്തു

വിഴിഞ്ഞം: മഴ ശക്തി പ്രാപിച്ചതിനു പിന്നാലെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. വലിയതുറ, ചെറിയതുറ, ബീമാപള്ളി, പൂന്തുറ, കോവളം, വിഴിഞ്ഞം തീരദേശമേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങി. ഇന്നലെയുണ്ടായ ശക്തമായ തിരയിലും കാറ്റിലും വലിയതുറ മേഖലയില്‍ നൂറു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ ഏത് സമയവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്.
ശക്തമായ കാറ്റില്‍ പ്രദേശത്തെ മരങ്ങള്‍ കടപുഴകി. കിണറുകളും നശിച്ചു. സ്ഥലത്തെ വൈദ്യുതിപോസ്റ്റുകളും കെട്ടിടങ്ങളും ഇളകി.
തിരമാലകളെ തടയുന്നതിനായി തീരത്ത് സ്ഥാപിച്ചിരുന്ന കല്ലടുക്കുകള്‍ തകര്‍ത്ത് വെള്ളം തീരത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടുകയാണ് നാട്ടുകാര്‍. വലിയതുറയില്‍ 24 കുടുംബങ്ങളെ സര്‍ക്കാര്‍ യുപി സ്‌കൂളിലേക്കും ആറു കുടുംബങ്ങളെ എല്‍പി സ്‌കൂളിലേക്കും മാറ്റിയിട്ടുണ്ട്. ബീമാപള്ളിയിലെ എട്ട് കുടുംബങ്ങളെ അവിടത്തെ എല്‍പി സ്‌കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ഉച്ച മുതലാണ് വലിയ തിരമാലകള്‍ ശക്തമായി കരയിലേക്ക് കയറാന്‍ തുടങ്ങിയത്. അര്‍ധരാത്രിയോടെ തിരമാലകള്‍ക്ക് ശക്തി വര്‍ധിക്കുകയും വെള്ളം ജനവാസ മേഖലയിലേക്ക് അടിച്ചുകയറുകയുമായിരുന്നു. കരിങ്കുളം മേഖലയിലും കനത്ത നാശനഷ്ടമുണ്ടായി. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കരുംകുളം, കല്ലുമുക്ക്, പൂവാര്‍, എരിക്കലുവിള എന്നിവിടങ്ങളിലാണ് കടല്‍ കയറിയത്. പുല്ലുവിള ഭാഗത്തുനിന്ന് 50ഓളം കുടുംബങ്ങളെ പള്ളം കമ്മ്യൂണിറ്റി സെന്ററിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തു നിന്നു വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ശക്തമായ തിരയില്‍ കോവളം ബീച്ച് കടലെടുത്തു. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ കരുംകുളം പൂവാര്‍ തീരത്ത് ചെറിയതോതില്‍ കടല്‍ക്ഷോഭമുണ്ടായി.
എന്നാല്‍, ഉച്ചയോടെ കടലാക്രമണം ശക്തമായി. തിരമാലകള്‍ ശക്തിയോടെ തീരത്തേക്ക് അടിച്ചുകയറി. തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ കരയില്‍ ഉണക്കാനിട്ടിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു.
Next Story

RELATED STORIES

Share it