Second edit

കനകംമൂലം

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം ചരിത്രപ്രസിദ്ധമാണ്. മകളെ വിവാഹംകഴിച്ചുകൊടുക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയേ മതിയാവൂ. പുത്രവധുവിന്റെ കാതിലും കൈയിലും കഴുത്തിലും ഭാരിച്ച പൊന്‍പണമില്ലെങ്കില്‍ വീട്ടില്‍ മുറുമുറുപ്പ് തീരില്ല.
വര്‍ഷംപ്രതി ഏതാണ്ട് 1,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതിചെയ്യുന്നത്. അതില്‍ പ്രധാനഭാഗം ആഭരണങ്ങളാവുന്നു. ബാക്കി ബാങ്ക് ലോക്കറുകളിലും ക്ഷേത്രഭണ്ഡാരങ്ങളിലും ചെന്നടിയും. നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണംകൊണ്ട് വലിയ നേട്ടമൊന്നുമില്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും കനകത്തോടുള്ള ഭ്രമം നമ്മെ വിട്ടുമാറുന്ന ലക്ഷണമില്ല. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി കടപ്പത്രങ്ങള്‍ നല്‍കുന്ന ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്നത് വിജയമാവാന്‍ സാധ്യത കുറവാണ്. 50 ടണ്‍ സ്വര്‍ണം അങ്ങനെ പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, മാസം നാലു കഴിഞ്ഞിട്ടും കിട്ടിയത് നാലു ടണ്‍.
1962 തൊട്ട് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ക്ഷേത്രങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണം കൂടുതല്‍ ലാഭകരമായി ഉപയോഗിക്കാന്‍ ദേവസ്വങ്ങള്‍ തയ്യാറാവുന്നില്ല.
എക്‌സൈസ് നികുതി വര്‍ധിപ്പിച്ചാല്‍ സ്വര്‍ണത്തിനോടുള്ള ആര്‍ത്തിക്ക് കുറേ ശമനമുണ്ടാവും. നികുതിനിരക്ക് അല്‍പമൊന്നു കൂട്ടിയതേയുള്ളൂ സ്വര്‍ണവ്യാപാരികളൊന്നായി ഒരു മാസമാണ് സമരം നടത്തിയത്.
Next Story

RELATED STORIES

Share it