Kollam Local

കഥകളിയുടെ നാട്ടില്‍ കലയുടെ കേളികൊട്ടുയര്‍ന്നു

കൊട്ടാരക്കര: വിശ്വപ്രസിദ്ധമായ കഥകളിക്ക് തിരിതെളിച്ച നാട്ടില്‍ പൂര്‍വ്വ സൂരികളുടെ സ്മരണികയുയര്‍ത്തി കൗമാര കലോല്‍സവത്തിന് വര്‍ണാഭമായ തുടക്കം. ഇനി മൂന്നു നാളുകള്‍ കൊട്ടാരക്കരയ്ക്ക് ഇരവ് പകലാക്കുന്ന കാഴ്ചയുടെ പൂരദിനങ്ങള്‍. കൊട്ടാരക്കര തമ്പുരാനും കൊട്ടാരക്കര ശ്രീധരന്‍നായരും ഭരത് മുരളിയും അനശ്വരമാക്കിയ കൊട്ടാരക്കരയുടെ കലാപാരമ്പര്യം അന്വര്‍ഥമാക്കുന്നതായിരുന്നു കലോല്‍സവ നഗരികള്‍.

രാവിലെ 8.30ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെയാണ് കലാമേളയ്ക്ക് തുടക്കംകുറിച്ചത്. പുലമണ്‍ വിമലാംബിക എല്‍പിഎസില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര വര്‍ണാഭമായിരുന്നു. മുത്തുക്കുടകളും വര്‍ണബലൂണുകളും വര്‍ണപട്ടുടയാടകളുമായി കുട്ടികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. ബാന്റുമേളവും ചെണ്ടമേളവും മറ്റു വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.
ചന്തമുക്ക്, കച്ചേരിമുക്കുവഴി ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തിയതോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും കലാമേളയുടെ ഉദ്ഘാടനം മുന്‍ സംസ്ഥാന കലാതിലകം ഡോ.ദ്രൗപതി പ്രവീണും നിര്‍വഹിച്ചു.
അഡ്വ. അയിഷാപോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭാധ്യക്ഷ ഗീതാ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എസ് വത്സല സംസാരിച്ചു.
ഉദ്ഘാടാനന്തരം ഒന്നാംവേദിയെ തൊട്ടുണര്‍ത്തി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ ഭരതനാട്യം ആരംഭിച്ചു. രണ്ടാം വേദി ചവിട്ടുനാടകം, മാര്‍ഗ്ഗംകളം പോലുള്ള കലകള്‍ക്ക് വഴിമാറിയപ്പോള്‍ മൂന്നാം വേദി അങ്കനമാരുടെ ചുവടുവയ്പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചു. നാലാം വേദിയായ സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നാടക മല്‍സരങ്ങളാണ് അരങ്ങുതകര്‍ത്തത്. അഞ്ചാം വേദിയായ ബ്രാഹ്മണ സമാജം ഹാളില്‍ ഭരതനാട്യവും കുച്ചുപ്പുടിയും പോലുള്ള നൃത്ത ഇനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായപ്പോള്‍ ആറാം വേദിയായ ടൗണ്‍ യുപിഎസ് അനുകരണ കലകള്‍ക്കാണ് വേദിയായത്. എംടിജിഎച്ച്എസില്‍ സംസ്‌കൃതോല്‍സവവും വിമലാംബിക എല്‍പിഎസില്‍ അറബിക് കലോല്‍സവവും ആണ് നടന്നത്. ഇന്ന് ഒന്നാം വേദിയില്‍ മലബാറിന്റെ തനത് ശീലുകള്‍ക്ക് ഇശലൊത്ത മണവാളന്‍മാരുടെ മദ്ഹൂറും കിസ്സകള്‍ പറഞ്ഞ് വട്ടപ്പാട്ടും മൊഞ്ചുള്ള മങ്കമാരുടെ ചേലൊത്ത ഇശലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒപ്പനയും അരങ്ങേറും.
ഇന്നലെ ഗവ.ജിവിഎച്ച്എസ്എസ്സിലെ മൂന്നാം വേദിയില്‍ ചവിട്ടുനാടകം പരിചമുട്ട്, മാര്‍ഗ്ഗം കളി മല്‍സരങ്ങള്‍ക്ക് തയ്യാറാക്കിയ സ്റ്റേജ് ചെറുതായത് പലപ്പോഴും വാക്കേറ്റത്തിന് കാരണമായി. മല്‍സരാര്‍ഥികള്‍ പലരും മല്‍സരത്തിനിടെ വേദിക്ക് പുറത്തേക്ക് വീഴുകയും ചെയ്തു. ഇത് പലതവണ മല്‍സരം നിര്‍ത്തിവയ്ക്കുന്ന അവസ്ഥയിലേക്കും എത്തിച്ചു.
Next Story

RELATED STORIES

Share it