കത്ത് വിവാദത്തില്‍ നിലപാടു വ്യക്തമാക്കി തിരുവഞ്ചൂര്‍;  പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണം

കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ച് അത് പാര്‍ട്ടി ക്കുള്ളില്‍ തീര്‍ക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചെന്നു പറയുന്ന കത്തിന്റെ ഉള്ളടക്കമെന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ നിലവിലില്ല. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരു നേതാവും സ്വയംഭൂവായി ഉണ്ടാവുന്നില്ല. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ കഷ്ടപാടിന്റെ ഫലമായിട്ടാണ് ഒരു നേതാവ് ഉണ്ടാവുന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ കാര്യങ്ങള്‍ പരസ്യപ്രസ്താവന നടത്തി ആളുകളെ ഹരം കൊള്ളിക്കുന്നത് നല്ലതല്ല. വിവാദങ്ങള്‍ ഒഴിവാക്കുന്നതാണു കോണ്‍ഗ്രസ്സിന് നല്ലത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവണമെന്നാണ്. ഭരണകാലത്ത് നിരവധി പ്രശ്‌നങ്ങളുണ്ടാവാം. ഇതെല്ലാം മറികടന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കും. ആരോപണങ്ങള്‍ തെളിയിക്കാനാണ് പ്രയാസം. കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് മാറുമെങ്കിലും കൊഴിഞ്ഞുപോക്ക് നടക്കില്ല. വിവാദങ്ങള്‍ പാര്‍ട്ടിയ്ക്കു പുത്തരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തു വിവാദവും ഇത്തരത്തില്‍ ഒന്നാണെന്നുവേണം കരുതാന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയോളം ജോലി ചെയ്യുന്ന ഒരാളെ കാണാന്‍ സാധിക്കില്ല. ഇത്രയധികം സാധാരണക്കാരോട് നേരിട്ട് സംവദിച്ചിട്ടുള്ള മറ്റൊരു മുഖ്യമന്ത്രിയും രാജ്യത്തുണ്ടാവില്ല. ആയിരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ അനിഷ്ടം സംഭവിക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് കോണ്‍ഗ്രസ്സിനാണെന്ന് വ്യക്തമാവും. സ്വതന്ത ചിഹ്നത്തില്‍ മല്‍സരിച്ചവരുടെയും വോട്ടുകള്‍ എണ്ണിയാണ് തങ്ങള്‍ക്ക് വോട്ട് കൂടിയെന്ന് സിപിഎം പറയുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it