കത്ത് പുറത്തുവന്നതില്‍ ലീഗിന് അതൃപ്തി

തിരുവനന്തപുരം: തിരുവമ്പാടി സീറ്റില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് മുമ്പൊരിക്കല്‍ താനയച്ച കത്ത് ഇനി ചര്‍ച്ചയാക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍
തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാമെന്ന് ചൂണ്ടിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് 2011ല്‍ എഴുതി നല്‍കിയ കത്താണ് പുറത്തുവന്നത്.
താന്‍ മുഖ്യമന്ത്രിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടാവും. അങ്ങനെയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുമായി പറഞ്ഞുതീര്‍ക്കും. തിരുവമ്പാടി ലീഗിന്റെ സീറ്റാണ്. അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ കത്ത് ചര്‍ച്ചയാക്കേണ്ടതില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, തിരുവമ്പാടി സീറ്റ് പ്രശ്‌നം യുഡിഎഫിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. കത്ത് പുറത്തു വന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്ക് മാത്രമാണ് കത്ത് എഴുതിയിട്ടുള്ളതെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
താമരശ്ശേരി രൂപതയുടെ പിന്തുണയോടെ തിരുവമ്പാടി സീറ്റിന് മലയോര വികസനസമിതി അവകാശവാദം ഉന്നയിക്കുകയാണ്. ഈ വേളയിലാണ് തിരുവമ്പാടി കോണ്‍ഗ്രസ്സിന് വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് 2011ല്‍ എഴുതിയതായി പറയപ്പെടുന്ന കത്ത് പുറത്തു വന്നത്. സീറ്റ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കത്ത് പുറത്തുവിട്ട നടപടി ശരിയായില്ലെന്നാണ് ലീഗിന്റെ നിലപാട്. ഇതോടെ കോണ്‍ഗ്രസ്-ലീഗ് സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവമ്പാടി പ്രധാന തര്‍ക്ക വിഷയമാവും.
Next Story

RELATED STORIES

Share it