കത്തില്‍ കുടുങ്ങി കോണ്‍ഗ്രസ്; ഗ്രൂപ്പുവഴക്കിന് വീണ്ടും കളമൊരുങ്ങുന്നു

എച്ച് സൂധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു നാലു മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പുകള്‍ തമ്മിലുള്ള അങ്കത്തിനു വഴിയൊരുങ്ങി. ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിനു ലഭിച്ചുവെന്ന് പറയുന്ന കത്താണ് ഗ്രൂപ്പുപോരിനു പുതിയ മാനങ്ങള്‍ നല്‍കുന്നത്. കത്തിന്റെ പിതൃത്വം ചെന്നിത്തലയും അദ്ദേഹത്തിന്റെ ഓഫിസും നിഷേധിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാന നേതൃത്വത്തിനും എ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കുമെതിരേ ഐ ഗ്രൂപ്പ് നിരന്തരമായി ഉന്നയിക്കുന്ന കാര്യങ്ങളാണ് കത്തിലൂടെ പുറത്തുവന്നതെന്നതു പ്രശ്‌നം സങ്കീര്‍ണമാക്കും. നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തിനുള്ള ന്യായീകരണങ്ങള്‍ ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കുകയാണ് കത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഭാവി മുന്‍നിര്‍ത്തിയുള്ള നേതൃമാറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കത്തിലെ പരാമര്‍ശങ്ങള്‍. എന്നാല്‍, ഹൈക്കമാന്‍ഡിനു കത്തയച്ചിട്ടില്ലെന്ന് അറിയിച്ച ചെന്നിത്തല ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും ബോധ്യപ്പെടുത്തി. ഇക്കാര്യം ഇന്നലെ ആരംഭിച്ച കെപിസിസി ഭാരവാഹി യോഗത്തില്‍ സുധീരന്‍ വ്യക്തമാക്കി. നേതൃയോഗത്തിനു മുമ്പ് ചെന്നിത്തല തന്നെ കണ്ടിരുന്നതായും അദ്ദേഹം കത്തയച്ചിട്ടില്ലെന്നുമാണ് സുധീരന്‍ അറിയിച്ചത്.
ഇന്നു ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കത്ത് ചര്‍ച്ചയാവും. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തിനെ സംബന്ധിച്ച് പാര്‍ട്ടിതലത്തിലുള്ള അന്വേഷണം നടക്കാനാണ് സാധ്യത. അതേസമയം, കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല തെളിവുകള്‍ നിരത്തുമ്പോഴും കത്തിലെ ഉള്ളടക്കങ്ങള്‍ തള്ളിക്കളയാന്‍ ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ തയ്യാറാവുന്നില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായതും അണികളുടെ കൊഴിഞ്ഞുപോക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഏകോപനമില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഐ ഗ്രൂപ്പ് നിരന്തരം ഉന്നയിക്കുന്ന കാര്യങ്ങളാണ്.
അഴിമതി ആരോപണങ്ങള്‍ വ്യാപകമായതോടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന ആരോപണത്തിലൂടെ, വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി പോകാന്‍ കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്.

Next Story

RELATED STORIES

Share it