കത്തിലെ പരാമര്‍ശം: അഞ്ജുവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബോബി അലോഷ്യസ്

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരേ നിയമനടപടിക്കൊരുങ്ങി കൗണ്‍സില്‍ മുന്‍ അസി.— സെക്രട്ടറി ബോബി അലോഷ്യസ്. മന്ത്രി ഇ പി ജയരാജന് അഞ്ജു അയച്ച തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ബോബി പറഞ്ഞു. അഞ്ജു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. വിദേശപരിശീലനത്തിനു പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്ന പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമര്‍ശമാണു ബോബിയെ ചൊടിപ്പിച്ചത്. പേരെടുത്തു പറയുന്നില്ലെങ്കിലും ഈ പരാമര്‍ശം തന്നെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് ബോബി പറയുന്നു. 2013, 2014, 2015 വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാങ്കേതികവിഭാഗം ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബോബി അലോഷ്യസ്. 2004ല്‍ അവര്‍ വിദേശ പരിശീലനത്തിന് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ബോബി നിയമനടപടിയിലേക്കു നീങ്ങുന്നത്.—അഞ്ജുവിന്റെ കത്തിലെ പരാമര്‍ശം തന്നെ ഉദ്ദേശിച്ചാണോയെന്നു വ്യക്തമാക്കണമെന്നു കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ബോബി അലോഷ്യസ് ആവശ്യപ്പെട്ടിരുന്നു. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കണം. തന്നെ ഉദ്ദേശിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് അഞ്ജു പറഞ്ഞാല്‍ മാനനഷ്ടക്കേസ് നല്‍കും. അല്ലെങ്കില്‍ തന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിനല്‍കും. അഴിമതിയുടെ പുകമറയില്‍ ഒരുനിമിഷംപോലും നില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്‍ഥനയെന്നും ബോബി അലോഷ്യസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it