Gulf

കത്താറയില്‍ പ്ലാനറ്റോറിയം വരുന്നു

ദോഹ: കത്താറയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്ലാനറ്റോറിയം, നീന്തല്‍ക്കുളം, ജ്യോതിശാസ്ത്ര തിയേറ്ററുകള്‍, പുസ്തകശാല എന്നിവ ആരംഭിക്കുന്നു. വലിയ ഭൂഗര്‍ഭ പാര്‍ക്കിങ്, പുതിയ കെട്ടിടങ്ങള്‍, ഭക്ഷണ ശാലകള്‍ എന്നിവയും ഒരുക്കുമെന്നും കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പുതിയ പദ്ധതികള്‍ മുന്‍നിശ്ചയപ്രകാരം മുന്നോട്ടു പോകുന്നുണ്ടെന്നും അടുത്ത ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കത്താറ ഹില്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടനെ പൂര്‍ത്തിയാക്കും എന്നും അദ്ദേഹം അറിയിച്ചു.
കടലില്‍ എട്ട് കുടിലുകള്‍ നിര്‍മിക്കുന്ന വ്യത്യസ്തമായ പദ്ധതിയുടെ പണിപ്പുരയിലാണ് കത്താറ. അടുത്ത മൂന്ന് മാസത്തിനുളളില്‍ നിര്‍മാണം ആരംഭിക്കും. അതിഥികള്‍ക്ക് പൂര്‍ണ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും നിര്‍മാണം. അതിനകത്ത് ഭക്ഷണശാലകളും ഉണ്ടാകും. പദ്ധതികള്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയിലും നിക്ഷേപ മേഖലയിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് അല്‍സുലൈത്തി അഭിപ്രായപ്പെട്ടു.
2016 ന്റെ അവസാനത്തോടെ കത്താറ പ്ലാസ പദ്ധതി തുറക്കും. കത്താറയില്‍ 38,000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോകുന്ന പുതിയ കേന്ദ്രമായിരിക്കും കത്താറ പ്ലാസ.
മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയായ കത്താറ ഫിറ്റ്‌നസ് സെന്റര്‍ ഉടന്‍ പൂര്‍ത്തിയാകും. കടലിലേക്ക് നേരിട്ടുളള കാഴ്ചയുള്ള ഇവിടെ ഭക്ഷണശാലകളും ഉണ്ടാകും. ഖത്തരി ഭക്ഷണശാല വിനോദ സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം ആയിരിക്കും. പ്രധാന പരിപാടികള്‍ക്കിടെ കത്താറയില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പരിപാടികള്‍ക്ക് മുമ്പ് അധികാരികളുമായി യോഗം ചേരും. അത് വഴി ഗതാഗതക്കുരുക്ക് തടയാനും യാത്ര സുഗമമാക്കാനും സാധിക്കുമെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it