കതിരൂര്‍ മനോജ് വധക്കേസ്: സിബിഐ മുമ്പാകെ പി ജയരാജന്‍ ഹാജരായില്ല

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ ക്യാംപ് ഓഫിസായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ 11ന് ഹാജരാവാനാണ് ജയരാജന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഹാജരാവാനാവില്ലെന്നും ഒരാഴ്ച സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു പി ജയരാജന്‍ അഡ്വ. കെ വിശ്വന്‍ മുഖേന സിബിഐക്കു കത്ത് നല്‍കി. കത്ത് സിബിഐ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്.

മറ്റൊരു ദിവസം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ പി ജയരാജനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ജയരാജനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തേക്കുമെന്നാണു സൂചന. ഇത് മൂന്നാംതവണയാണ് സിബിഐ ജയരാജനു നോട്ടീസ് നല്‍കുന്നത്. ആദ്യ തവണ കഴിഞ്ഞ ജൂണ്‍ രണ്ടിനു സിബിഐയുടെ തിരുവനന്തപുരം ഓഫിസില്‍ ഹാജരാവുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഇതിനു ശേഷം നല്‍കിയ നോട്ടീസിന്‍മേല്‍ ആരോഗ്യകാരണം പറഞ്ഞ് ഹാജരായിരുന്നില്ല. ജയരാജനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. രാഷ്ട്രീയ പ്രേരിതമായി തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുവെന്നാണു ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്ന സിബിഐയുടെ വാദം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളുകയായിരുന്നു. 2014 സപ്തംബര്‍ ഒന്നിനു സുഹൃത്തിനോടൊപ്പം ഒമ്്‌നി വാനില്‍ പോവുന്നതിനിടെയാണ് മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായ 23 പേരും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്.

ഒന്നാംപ്രതി കിഴക്കേ കതിരൂരിലെ വിക്രമന്‍ ഉള്‍പ്പെടെയുള്ളവര്‍ പി ജയരാജനുമായി അടുത്ത ബന്ധമുള്ളതിനാല്‍ സിപിഎം ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന വിലയിരുത്തലിലാണു സിബിഐ സംഘം. 1999 ആഗസ്ത് 25ന് തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. അതേസമയം, ആര്‍എസ്എസ് മോധാവി മോഹന്‍ ഭാഗവതിനു നല്‍കിയ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നേതാക്കളെ ജയിലിലടയ്ക്കാനുള്ള ആസൂത്രിത നീക്കമാണു നടക്കുന്നതെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it