Flash News

കതിരൂര്‍ മനോജ് വധക്കേസ് ; പി ജയരാജന് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസ് ; പി ജയരാജന് ജാമ്യം
X
jayarajan

[related]

തലശ്ശേരി; കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നു ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല എന്നീ മൂന്ന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ പി ജയരാജന്റെ പങ്കാളിത്തം തെളിയിക്കുന്ന വസ്തുതകള്‍ ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച കേസ്ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിച്ച സിഡിയിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോഴാണ് കേസ് ഡയറി കോടതി മുമ്പാകെ സമര്‍പ്പിച്ചത്.   ജയരാജന്റെ കിഴക്കേ കതിരൂരിനടുത്തുള്ള തറവാട്ടു ക്ഷേത്രമാണ് കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കേന്ദ്രം. 2014 സപ്തംബര്‍ ഒന്നിന് കേസിലെ പതിനൊന്നാം പ്രതി കൃഷ്ണന്‍ 25ാം പ്രതി ജയരാജനെ ഫോണ്‍ ചെയ്തിരുന്നതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. വിക്രമന്റെ അമിത മദ്യപാനവും തുടര്‍ന്നുള്ള ആക്രമണോല്‍സുകതയും ചികില്‍സിച്ചു ഭേദമാക്കുന്നതിന് ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികില്‍സയ്ക്ക് അയച്ചതും പി ജയരാജനാണ്. മദ്യാസക്തി പൂര്‍ണമായും ഭേദമായെങ്കിലും അക്രമോല്‍സുകത നിലനിര്‍ത്തി മനോജ് വധമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിക്രമനെ ഉപയോഗിക്കുകയായിരുന്നുവെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു.
നേരത്തെ മനോജിന്റെ കുടുംബവും ജയരാജന്റെ കുടുംബവും വലിയ ഐക്യത്തിലായിരുന്നു. എന്നാല്‍, മനോജ് ആര്‍എസ്എസുമായി അടുത്തത് മനോജിനോടുള്ള ജയരാജന്റെ വൈരാഗ്യത്തിനു കാരണമായിട്ടുണ്ടെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. സിബിഐ ശേഖരിച്ച തെളിവുകള്‍ നിയമ വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും വിശകലനം ചെയ്താണ് പ്രതിപ്പട്ടികയില്‍ ജയരാജനെ ഉള്‍പ്പെടുത്തിയത്.
ജയരാജനെ ചോദ്യം ചെയ്യുന്നതിന് കോടതി നല്‍കിയ അനുമതി കൃത്യമായി പാലിക്കപ്പെടാതിരിക്കാന്‍ ചോദ്യംചെയ്യുന്ന മുറിയിലേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ പ്രവേശിപ്പിക്കുന്നിടത്തോളം സ്വാധീനം പാര്‍ട്ടിയും ജയരാജനും പ്രയോഗിച്ചെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു.
എന്നാല്‍, സിബിഐ ഇപ്പോള്‍ ഹാജരാക്കുന്ന തെളിവുകളും രേഖകളുമെല്ലാം വ്യാജമാണെന്നും ഗൂഢാലോചനയുടെ ഉറവിടം ഓരോ റിപോര്‍ട്ടിലും മാറികൊണ്ടിരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു. തെളിവുകള്‍ ഹാജരാക്കാതെ രാഷ്ട്രീയ പകപോക്കലിന് പി ജയരാജനെ സിബിഐ ഉപയോഗിക്കുകയാണെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it