കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ കസ്റ്റഡി അപേക്ഷ: എട്ടിന് തീര്‍പ്പുകല്‍പിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണ സംഘം പ്രതിചേര്‍ത്ത ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ മാര്‍ച്ച് എട്ടിന് തീര്‍പ്പുകല്‍പിച്ചേക്കും. ഹരജി സംബന്ധിച്ച് ഇന്നലെ കോടതിയില്‍ നടന്ന വാദത്തില്‍ ജയരാജന്റെ ആരോഗ്യ നില സംബന്ധിച്ച് പൂര്‍ണതൃപ്തി രേഖപ്പെടുത്തിയ റിപോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഇതുവരെ നല്‍കിയിട്ടില്ലാത്തതിനാല്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കി സിബിഐ സംഘത്തിന് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കരുതെന്ന വാദത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ ഉറച്ചുനിന്നു.

എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതു മുതല്‍ ആവര്‍ത്തിക്കുന്ന ശാരീരിക-ഹൃദയ സംബന്ധ രോഗങ്ങള്‍ വെറും നാടകമാണെന്ന് പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, ശ്രീ ചിത്ര മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ വാദിച്ചു. തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ച പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ചികില്‍സയ്ക്കയച്ച ജയില്‍ സൂപ്രണ്ടിന്റെ നടപടി സംശയാസ്പദമാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിദഗ്ധന്റെ പരിശോധനയിലും ഗുരുതരമോ അലട്ടുന്നതോ ആയ പ്രശ്‌നങ്ങള്‍ ഉള്ളതായി റിപോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ ആവര്‍ത്തനമായിരുന്നു രണ്ട് മെഡിക്കല്‍ കോളജിലെയും പരിശോധനാ ഫലങ്ങള്‍. യാതൊരു ആരോഗ്യ പ്രശ്‌നവും നേരിടുന്നില്ലെന്ന സ്വന്തം ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന്‍ സ്വമേധയാ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്. ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കുന്ന പി ജയരാജനെ യാചനാരീതിയിലല്ല ചോദ്യം ചെയ്യേണ്ടത്. പ്രമാദമായ കൊലക്കേസിലെ പ്രതിയാണ് ജയരാജന്‍. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയല്ല സിബിഐ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. മാര്‍ച്ച് എട്ടിന് കോടതിയില്‍ കസ്റ്റഡി സംബന്ധിച്ച തീരുമാനം ഉണ്ടാവണമെന്നും അല്ലാത്തപക്ഷം മറ്റ് പലകാരണങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധന നടത്തണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിച്ചേക്കുമെന്ന് മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സംശയിക്കാവുന്നതാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
നിലവില്‍ ശേഖരിച്ച തെളിവുകളില്‍ പി ജയരാജന്റെ പങ്കാളിത്തം വ്യക്തമാണ്. മനോജ് വധക്കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നു ലഭിച്ച മൊഴികളില്‍ ജയരാജന്റെ പങ്കാളിത്തം സംബന്ധിച്ച സുപ്രധാന വിവരങ്ങളുണ്ട്. ജയരാജന്റെ ശാരീരികാവസ്ഥ പരിശോധിച്ച സംഘം 13 ഗുളികകള്‍ കുറിച്ചു നല്‍കിയിട്ടുണ്ട്. ശാരീരികമായി പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മെഡിക്കല്‍ സംഘം എന്തിനാണ് മരുന്നുകള്‍ പി ജയരാജന് കുറിച്ചു നല്‍കിയതെന്ന ചോദ്യത്തിന് സിബിഐ മറുപടി നല്‍കണം. 20 ബലാല്‍സംഗ കേസില്‍ പ്രതിയായ യുപി സ്വദേശി അഗള്‍വാളിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പോലും പ്രതിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് കോടതി നിരസിച്ച കാര്യവും അഡ്വ. കെ വിശ്വന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it