കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി അനില്‍കുമാറാണ് ഹരജി തള്ളിയത്. യുഎപിഎ ചുമത്തപ്പെട്ട കേസായതിനാല്‍ പ്രതിയാണെങ്കിലും അല്ലെങ്കിലും മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് കഴിയില്ല. അതിനാല്‍ ഹരജി തള്ളുകയാണെന്നും കോടതി അറിയിച്ചു.
കേസില്‍ ഇതു രണ്ടാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കേസുമായി ബന്ധപ്പെട്ട് നാലു തവണ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ജയരാജനു സിബിഐ അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒരു തവണ മാത്രമാണ് ഹാജരായത്. രണ്ടു തവണയും അനാരോഗ്യം പറഞ്ഞ് ഹാജരാവാതിരിക്കുകയായിരുന്നു. വീണ്ടും നോട്ടീസ് അയച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. വിധിന്യായം പരിശോധിച്ച ശേഷം തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്നു ജയരാജനു വേണ്ടി ഹാജരായ അഡ്വ. കെ വിശ്വന്‍ പറഞ്ഞു.
ഹരജി തള്ളിയതോടെ ജയരാജനു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സിബിഐ വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് സൂചന. ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
അതേസമയം, ഹരജി തള്ളിയതില്‍ യാതൊരു ആശങ്കയുമില്ലെന്നും ഇതുവരെ തനിക്കെതിരേ സിബിഐക്കു തെളിവു കണ്ടെത്താനായിട്ടില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം കേസ് അന്വേഷിച്ചിട്ടും തന്നെ പ്രതിയാക്കാതിരുന്നത് യാതൊരു തെളിവും ലഭിക്കാത്തതിനാലാണ്. സിബിഐ രാഷ്ട്രീയായുധമായി ആര്‍എസ്എസ് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it