കണ്‍സ്യൂമര്‍ ഫെഡിന്റെ ബൈലോ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ബൈലോ പരിഷ്‌കരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറെടുക്കുന്നതായി സൂചന.
പര്‍ച്ചേസ് വിഭാഗത്തിലാണ് വലിയ മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ കരടിന് വാര്‍ഷിക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. സഹകരണ രജിസ്ട്രാറുടെ അനുമതി ലഭിച്ചാല്‍ ബൈലോ പ്രാബല്യത്തില്‍ വരും.
പര്‍ച്ചേസ് വിഭാഗത്തില്‍ പ്രത്യേക കമ്മിറ്റിയുണ്ടാക്കി മാനേജരെ ചുമതലപ്പെടുത്തും. ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഇ-ടെന്‍ഡര്‍ സംവിധാനം ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ബൈലോ പ്രകാരം നിയമ സാധുതയുണ്ടായിരുന്നില്ല. പരിഷ്‌കരിച്ച ബൈലോയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇവയ്ക്കും നിയമ പരിരക്ഷ ലഭിക്കും.
ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ പുതിയ ഭേദഗതി വഴിയൊരുക്കും. കണ്‍സ്യൂമര്‍ഫെഡിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഘടനാപരമായി പരിഷ്‌കരിക്കുന്നതിനാണ് ബൈലോ ഭേദഗതി. നീതി മെഡിക്കല്‍ സ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടത്തുന്നതും നിയമപരമായിരുന്നില്ല. പുതുക്കിയ ബൈലോ വരുന്നതോടെ ഇവയ്ക്കും നിയമസാധുതയുണ്ടാവും.
സ്ഥാപനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് അച്ചടക്ക സമിതിയും രൂപീകരിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കുന്നതിനായി ബിസിനസ് ഡെവലപ്‌മെന്റ് കമ്മിറ്റി രൂപികരിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it