കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ 23ന് സൂചനാ പണിമുടക്ക് നടത്തും

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിനെ സംരക്ഷിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സിഐടിയു) ഈ മാസം 23ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.
കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി, നന്മ സ്‌റ്റോറുകളുടെയും വിദേശ മദ്യഷോപ്പുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. കണ്‍സോളിഡേറ്റഡ് ജീവനക്കാര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കുക, കണ്‍സ്യൂമര്‍ഫെഡിലെ സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുക, ദിവസവേതനക്കാരുടെ അടിസ്ഥാന ശമ്പളം 500 രൂപയാക്കുക, കുടിശ്ശികയിനത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള തുക ഉടന്‍ അനുവദിക്കുക, പാക്കിങ് തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളം
പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, നിര്‍ത്തലാക്കിയ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കഴിഞ്ഞ മൂന്നര വര്‍ഷമായി വിവിധ വിഷയങ്ങളുന്നയിച്ചിട്ടും അനുകൂല നിലപാട് എടുക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്താന്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 31 മുതല്‍ അനിശ്ചിതകാല പണിമുടക്കും റീജ്യണല്‍ ഓഫിസ് ഉപരോധവും സംഘടിപ്പിക്കും.
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി കെ ജെ ജിജു പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, അസോസിയേഷന്‍ നേതാക്കളായ ടി എസ് ഷീബ, എ അജീംഖാന്‍, കെ ജെ സുധീര്‍, കെ ഗിരീഷ്‌കുമാര്‍, രാജേഷ് കെ ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it