കണ്‍സള്‍ട്ടന്‍സി കരാര്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് എന്നിവിടങ്ങളിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഉത്തരവുപ്രകാരം പൊതുമരാമത്ത് വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു നല്‍കിയിരിക്കുന്ന നിര്‍ദേശം. റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
ഹരിപ്പാട് മെഡിക്കല്‍ കോളജിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ന ല്‍കിയതില്‍ ഏഴുകോടി രൂപയുടെയും വയനാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ 11 കോടിയുടെയും ക്രമക്കേട് നടന്നെന്ന പരാതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മെഡിക്കല്‍ കോളജിന്റെ രൂപക ല്‍പ്പന നിര്‍വഹിക്കാനായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അഞ്ചു കമ്പനികളാണ് മുന്നോട്ടുവന്നത്. ആര്‍ച്ചി മെട്രിക്‌സ് എന്ന കമ്പനിയാണ് ഏറ്റവും കൂടിയ തുക ആവശ്യപ്പെട്ടത്- 11 കോടി രൂപ.
ആന്‍സല്‍ ഗ്രൂപ്പ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ നല്‍കിയത്- ഏഴു കോടി രൂപ. എന്നാല്‍, ടെന്‍ഡറുകള്‍ പരിഗണിക്കുന്ന ഘട്ടം വന്നപ്പോള്‍ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുറഞ്ഞ തുക ക്വോട്ട് ചെയ്ത മറ്റു നാല് ടെന്‍ഡറുകളും തള്ളിക്കളഞ്ഞ് ആര്‍ച്ചി മെട്രിക്‌സ് സമര്‍പ്പിച്ച ഉയര്‍ന്ന തുകയ്ക്കുള്ള ടെന്‍ഡര്‍ സര്‍ക്കാര്‍ ഉറപ്പിച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മാനദണ്ഡങ്ങള്‍ മറികടന്ന് വയനാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സിയും അതേ സ്ഥാപനത്തിനു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ടെന്‍ഡര്‍ ലഭിക്കാത്ത കമ്പനികള്‍ തന്നെയാണ് ഇതുസംബന്ധിച്ച പരാതിയുമായി പൊതുമരാമത്ത് മന്ത്രിയെ സമീപിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള സ്ഥാപനത്തിന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിമാരുടെ ഇടപെടലുണ്ടായെന്നും ആക്ഷേപമുണ്ട്. ഇതേ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it