kannur local

കണ്ണൂര്‍ സര്‍വകലാശലയില്‍ ആദ്യ വിദേശ വിദ്യാര്‍ഥി പഠിക്കാനെത്തി

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയായി കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇതാദ്യമായി വിദേശ പ്രവേശനം. അറബ് രാജ്യമായ യമനില്‍ നിന്നുള്ള വഹീദ് അബ്ദുല്ല ഹമൂദ് അഹമ്മദ് (33) ആണ് പ്രവേശനം നേടിയത്. സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി വിദേശത്തുനിന്നു മുമ്പ് വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ടെങ്കിലും മുഴുവന്‍ സമയ വിദ്യാര്‍ഥിയായി ഒരാള്‍ വിദേശത്തുനിന്നെത്തുന്നത് ആദ്യമാണ്. ഇന്നലെ രാവിലെ താവക്കരയിലെ വാഴ്‌സിറ്റി ഓഫിസിലെത്തിയ അഹമ്മദിനു വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍ പ്രവേശനരേഖകള്‍ കൈമാറി. മാങ്ങാട്ടുപറമ്പ് കാംപസിലാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഗസ്റ്റ് ഹൗസില്‍ താമസിച്ചായിരിക്കും അഹമ്മദിന്റെ പഠനം. മൂന്നുവര്‍ഷമാണു ഗവേഷണ കാലാവധി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) മുഖേന ഫെലോഷിപ്പ് നേടിയാണു അഹമ്മദ് കണ്ണൂരില്‍ പഠിക്കാനെത്തിയത്. നിലവില്‍ ഏദന്‍ സര്‍വകലാശാലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അസോസിയേറ്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്തുവരികയാണ്. ഡോ. ബാബു ആന്റോയുടെ കീഴിലായിരിക്കും ഗവേഷണം. 2013 മുതലാണ് വിദേശത്തുള്ളവര്‍ക്കു കണ്ണൂര്‍ വാഴ്‌സിറ്റി കോഴ്‌സുകളില്‍ ചേരാന്‍ അവസരമൊരുങ്ങിയത്. ഈമാസം 18ന് ഒരു വിദേശ വിദ്യാര്‍ഥി കൂടി കണ്ണൂരിലെത്തും. അഡ്‌ലൈന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നെത്തുന്ന ഈ ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി ആന്ത്രോപ്പോളജിയിലായിരിക്കും ഗവേഷണം നടത്തുക. അടുത്ത അധ്യയനവര്‍ഷം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കണ്ണൂരിലെത്താന്‍ സാധ്യതയുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന അന്താരാഷ്ട്ര പഠന ഗവേഷണത്തിനുള്ള കേന്ദ്രമായി വാഴ്‌സിറ്റിയെ മാറ്റുകയാണു ലക്ഷ്യം. കാസര്‍കോട് ജില്ലയിലെ സപ്തഭാഷകളെക്കുറിച്ചു പഠിക്കാന്‍ ഒരു പഠനവിഭാഗം മഞ്ചേശ്വരം കാമ്പംപസില്‍ ഫെബ്രുവരി ആറിന് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it