കണ്ണൂര്‍ വിമാനത്താവളത്തിലെ സ്ഥലമേറ്റെടുപ്പ്: മുഖ്യമന്ത്രിക്കും കെ ബാബുവിനുമെതിരേ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്

തലശ്ശേരി: മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയതിലും ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയതിലും നിയമലംഘനവും ചട്ടലംഘനവും നടന്നെന്ന് കാണിച്ചു നല്‍കിയ പരാതിയില്‍ ദ്രുതപരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ജൂണ്‍ 17നകം അന്വേഷണം നടത്തി പരിശോധന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി ജയറാം ഉത്തരവിട്ടത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു, സിവില്‍ ഏവിയേഷന്‍ പ്രില്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ്, കിന്‍ഫ്ര മാനേജര്‍ രാംദാസ്, കിയാല്‍ എംഡി വി ചന്ദ്രമൗലി, എല്‍ ആന്റ് ടി മാനേജര്‍ സജിന്‍ ലാല്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. ജൂണ്‍ 17നകം അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണം.
തലശ്ശേരി ഡിവൈഎസ്പി സാജു പോളിനാണ് അന്വേഷണച്ചുമതല. ഇരിട്ടി സ്വദേശി കെ വി ജെയിംസാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചും ഭൂമി പതിച്ചുനല്‍കല്‍ നിയമം ലംഘിച്ചും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 70 ഏക്കര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് വിമാനത്താവളത്തിന് നല്‍കി നഷ്ടം വരുത്തുകയും മരം മുറിച്ച് പരിസ്ഥിതിവിരുദ്ധ നടപടികള്‍ സ്വീകരിച്ചെന്നുമാണ് പരാതി. ഇക്കഴിഞ്ഞ 11നാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. പരാതിക്കാരനു വേണ്ടി അഭിഭാഷകരായ നാരായണന്‍, ഹരീഷ് വാസുദേവ് ഹാജരായി.—
അനധികൃതമായി മരം മുറിച്ചതു കാരണം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നും വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇടപെട്ടെന്നും പരാതിയില്‍ പറയുന്നു. മരം മുറിക്കലുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കില്‍പ്പെടുത്തിയില്ല. മുഖ്യമന്ത്രിയുടെയും കെ ബാബുവിന്റെയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.—ഉത്തരമേഖല എഡിജിപി എന്‍ ശങ്കര്‍റെഡ്ഢി നേരത്തേ മരംമുറിയെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it