kannur local

കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരംസമിതി: കോണ്‍ഗ്രസ്സിന് നാല് അധ്യക്ഷസ്ഥാനം

കണ്ണൂര്‍: കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തില്‍ കോണ്‍ഗ്രസിനു മേല്‍ക്കൈ. ഡെപ്യൂട്ടി മേയറുടെ ധനകാര്യ സ്ഥിരം സമിതി ഉള്‍പ്പെടെ ആകെയുള്ള എട്ടു അധ്യക്ഷസ്ഥാനങ്ങളില്‍ നാലെണ്ണം കോ ണ്‍ഗ്രസിനു ലഭിച്ചപ്പോള്‍ മൂന്നെണ്ണം ലീഗിനും ഒരെണ്ണം ഇടതുമുന്നണിയിലെ സിപിഐയ്ക്കും ലഭിച്ചു. ഇന്നലെ രാവിലെ 11ഓടെ നടന്ന തിരഞ്ഞെടുപ്പ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. എഡിഎം ഒ മുഹമ്മദ് അസ്്‌ലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വീണ്ടും ഇടയുന്ന സൂചനകള്‍ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിലുണ്ടായി. എ ഗ്രൂപ്പിനു ഒരു സ്ഥാനവും നല്‍കിയില്ല. പി കെ രാഗേഷിനുള്‍പ്പെടെ രണ്ടു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതായാണു സൂചന. പി കെ രാഗേഷ് തിരഞ്ഞെടുപ്പിനെത്താത്തതും ശ്രദ്ധേയമായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ പള്ളിയാംമൂല കൗണ്‍സിലര്‍ ജെമിനിയാണു തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ ടി ആശയെ മൂന്നിനെതിരേ നാലു വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിനു ലഭിച്ച ഏക സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ക്ഷേമകാര്യമാണ്. അതുതന്നെ കോടതി നടപടികള്‍ക്കു വിധേയമായിരിക്കും. ക്ഷേമകാര്യ സ്ഥിരം സമിതിയിലെ വനിതാ അംഗത്തെ തിരഞ്ഞെടുത്തപ്പോള്‍ ലീഗിലെ സി എറമുള്ളാന്റെ വോട്ട് അസാധുവായിരുന്നു. ഇതിനെതിരേ എറമുള്ളാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. അധ്യക്ഷനെ തിരഞ്ഞെടുക്കാമെങ്കിലും കോടതിയുടെ അന്തിമവിധിയനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുമെന്ന് വരണാധികാരി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ സിപിഐയിലെ എടച്ചൊവ്വ കൗണ്‍സിലര്‍ വെള്ളോറ രാജന്‍ ലീഗിലെ എം പി മുഹമ്മദലിയെ തോല്‍പ്പിച്ചു.(4-3). ആരോഗ്യ സ്ഥിരം സമിതിയിലേക്ക് കാനത്തൂര്‍ ഡിവിഷന്‍ പ്രതിനിധി അഡ്വ. പി ഇന്ദിരയും പൊതുമരാമത്ത് വകുപ്പില്‍ അഡ്വ. ടി ഒ മോഹനനും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും മൂന്നിനെതിരേ നാലു വോട്ടുകളാണു നേടിയത്. നഗരാസൂത്രണ അധ്യക്ഷ സ്ഥാനം കസാനക്കോട്ടയിലെ ലീഗ് പ്രതിനിധി സി സീനത്തിനാണ്. നികുതി-അപ്പീല്‍കാര്യം അധ്യക്ഷനായി കോണ്‍ഗ്രസിലെ സി കെ വിനോദ് ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ വിജയിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പത്രിക മാത്രമാണു ലഭിച്ചത്. മുണ്ടയാട് നിന്നു ജയിച്ച ലീഗ് കൗണ്‍സിലര്‍ ഷാഹിന മൊയ്തീനാണു വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ. ധനകാര്യ സ്ഥിരംസമിതിയുടെ അധ്യക്ഷന്‍ ഡെപ്യൂട്ടി മേയറായതിനാലും തിരഞ്ഞെടുപ്പ് ഉണ്ടായില്ല.
Next Story

RELATED STORIES

Share it