Districts

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നിര്‍ണായക കെപിസിസി ഉപസമിതി ഇന്ന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോണ്‍ഗ്രസ് വിമതന്റെ കാര്യത്തില്‍ യുഡിഎഫിലെ അനിശ്ചിതത്വം നീങ്ങിയില്ല. ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഇന്നു നടക്കും. മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ കെപിസിസി ഉപസമിതി ചേര്‍ന്ന് പി കെ രാഗേഷിന്റെ നിലപാടുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനുശേഷം യുഡിഎഫ് യോഗവും ചേരും. ഇന്നലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മേയര്‍ സ്ഥാനാര്‍ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. പി കെ രാഗേഷ് തന്റെ നിലപാട് അല്‍പം മയപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. അതേസമയം, ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ രാഗേഷിനെ അനുകൂലിക്കുന്നവര്‍ തയ്യാറല്ല. മന്ത്രി കെ സി ജോസഫ് സ്ഥലത്തില്ലാത്തതിനാല്‍ രാഗേഷുമായി ഇന്നലെ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. രാഗേഷിനെ കൂട്ടുപിടിച്ച് ഭരണം വേണ്ടെന്ന നിലപാട് മുസ്‌ലിം ലീഗ് മയപ്പെടുത്തിയിട്ടുണ്ട്. തന്റെ ഉപാധികളില്‍ കെപിസിസി ഉപസമിതി തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ഇന്നലെ  പി കെ രാഗേഷ് പ്രസിഡന്റ് വി എം സുധീരന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മനൊമ്പരങ്ങള്‍ എന്ന മുഖവുരയോടെ കത്തയച്ചു. വില പേശുന്നതല്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്നതാണ് തന്റെ നിലപാടെന്നും മേയര്‍ തിരഞ്ഞെടുപ്പിന്റെ അവസാനനിമിഷം വരെ അനുകൂല നിലപാടിനായി താന്‍ കാത്തിരിക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം. വിമതനായതിന്റെ സാഹചര്യവും കത്തില്‍ വിശദീകരിക്കുന്നുണ്ട്. അതിനിടെ, കോര്‍പറേഷനില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ രാഗേഷ് ഉള്‍പ്പെടെയുള്ള വിമതന്മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും യുഡിഎഫ് ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സുധാകരനും പ്രതികരിച്ചു.
Next Story

RELATED STORIES

Share it