kannur local

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണംവിമതനുമായി ചര്‍ച്ച; കെപിസിസി ഉപസമിതിയില്‍ ഭിന്നത

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണത്തിന് പിന്തുണ നല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷുമായി ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിയോഗിച്ച ഉപസമിതിയില്‍ ഭിന്നത. കഴിഞ്ഞ ദിവസം പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉപസമിതി അംഗങ്ങള്‍ രാഗേഷുമായി ചര്‍ച്ച നടത്തിയപ്പോള്‍ എ ഗ്രൂപ്പ് നേതാക്കളെ പങ്കെടുപ്പിച്ചതാണ് ഭിന്നതയ്ക്കു കാരണം. മന്ത്രി കെ സി ജോസഫുമായുള്ള കൂടിക്കാഴ്ചക്കാണ് പി കെ രാഗേഷ് എത്തിയത്. ഇതിനു പിന്നാലെ ഇന്നലെ നടന്ന ഉപസമിതി യോഗത്തില്‍നിന്ന് സമിതി അംഗങ്ങളും ഐ ഗ്രൂപ്പ് നേതാക്കളുമായ കെ സുധാകരനും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനും വിട്ടുനിന്നു. രാവിലെ 12നു പയ്യാമ്പലത്താണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് സജീവ് മാറോളിയുടെ പിതാവ് മരണപ്പെട്ടതിനാല്‍ മിക്കവരും അങ്ങോട്ടു പോയതിനാല്‍ ചര്‍ച്ച ഉച്ചയ്ക്ക് 1.30ലേക്കു മാറ്റി. ഈ യോഗത്തിലേക്കും പി കെ രാഗേഷിനെ ക്ഷണിച്ചിരുന്നു.
സുധാകരനും ഡിസിസി പ്രസിഡന്റും പങ്കെടുക്കാത്തതിനാ ല്‍ ചര്‍ച്ച കാര്യമായ പുരോഗതിയിലെത്തിയില്ല. എന്നാല്‍ മരണവീട്ടില്‍ പോയതിനാലാണു ഉപസമിതി ചര്‍ച്ചയില്‍ ഇരുവരും പങ്കെടുക്കാതിരുന്നതെന്നാണു വിശദീകരണം. ചര്‍ച്ച വൈകിയതിനാല്‍ രാഗേഷും പങ്കെടുത്തില്ല. ഉപസമിതി ചര്‍ച്ചയ്ക്കു ശേഷം ധാരണയിലെത്തിയാല്‍ വിളിക്കാമെന്ന് അറിയിച്ചതായി പി കെ രാഗേഷ് പറഞ്ഞു. ഉപസമിതി അംഗമായ പി രാമകൃഷ്ണന്‍ ഡിസിസി നേതൃത്വത്തിനും കെ സുധാകരനുമെതിരേ സ്വകാര്യ ചാനലില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നേരിട്ടും സുധാകരനെതിരേ പരോക്ഷമായും ആഞ്ഞടിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായ പി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. ഇദ്ദേഹത്തിനു കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ദുര്‍ബല നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണ് തോല്‍വിക്കു കാരണമെന്നും ഒരു നേതാവിന്റെ പെട്ടിതൂക്കികളെയും ആശ്രിതരെയുമാണ് സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നുമാണ് പി ആറിന്റെ പരാമര്‍ശം. പുനസ്സംഘടനയുടെ പേരില്‍ കോന്തന്‍മാരെ മാറ്റി മരക്കോന്തന്‍മാരെ പ്രതിഷ്ഠിക്കുകയായിരുന്നു. ജില്ലയിലെത്തുന്ന മന്ത്രിമാരുടെ കാറിനുള്ളില്‍ അല്‍സേഷ്യന്‍ നായക്കുട്ടിയെപോലെ കയറിയിരിക്കുകയാണ് ഈ നേതാവിന്റെ പരിപാടി. ആന്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ അവിടെ യുഡിഎഫിന് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇത്തവണ അവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് ഡിസിസിയുടെ ഗുരുതരവീഴ്ചയാണ്. പി കെ രാഗേഷിനെ വിമതനാക്കിയത് ഡിസിസി നേതൃത്വമാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണ്. അത് അംഗീകരിക്കേണ്ടത് പാര്‍ട്ടിയുടെ ബാധ്യതയാണെന്നുമാണ് പി രാമകൃഷ്ണന്‍ തുറന്നടിച്ചത്. ഇതിനുപുറമെ പി കെ രാഗേഷിന്റെ ആവശ്യങ്ങളും കെപിസിസി ഉപസമിതിയുടെ ചര്‍ച്ചകളെ വഴിമുട്ടിക്കുകയാണ്.
ഡിസിസി നേതൃമാറ്റം, പള്ളിക്കുന്ന്, ചിറക്കല്‍ കോണ്‍ഗ്രസ് കമ്മിറ്റി പുനസ്സംഘടന, പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കല്‍ തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ഡിസിസി നേതൃമാറ്റം കെപിസിസി തീരുമാനിക്കേണ്ടതാണ്. വിമതരായി മല്‍സരിച്ചതിനു പാര്‍ട്ടി ആറുവര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായേക്കും. അതേസമയം, ഇത് പ്രദേശത്ത് പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമാക്കുമെന്നതും ഉപസമിതിയെ കുഴക്കുന്നുണ്ട്.
Next Story

RELATED STORIES

Share it